എറണാകുളം:സർവകലാശാലകളിൽ സ്ഥിരം വിസി വേണമെന്ന പൊതുതാൽപര്യ ഹർജിയിൽ യുജിസി, സർവകലാശാല വിസിമാർ, ഗവർണർ എന്നിവർക്ക് ഹൈക്കോടതിയുടെ നോട്ടിസ് (High Court on Appointment of permanent VCs in universities). സ്ഥിരം വിസി നിയമനത്തിന് കാലതാമസം എന്തെന്നും കോടതി ചോദിച്ചു. എന്നാൽ കെടിയു, ഫിഷറീസ്, അഗ്രികൾച്ചർ, വെറ്റിനറി അടക്കം അഞ്ച് സർവകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത് ഗവർണർ അല്ലെന്ന് സർക്കാർ അറിയിച്ചത്.
സർവകലാശാലകളിൽ സ്ഥിരം വിസി നിയമനം; കാലതാമസം എന്തെന്ന് കോടതി
Appointment of permanent VCs in universities : പൊതുതാൽപര്യ ഹർജിയിൽ യുജിസി, സർവകലാശാല വിസിമാർ, ഗവർണർ എന്നിവർക്ക് ഹൈക്കോടതിയുടെ നോട്ടിസ്
Published : Dec 18, 2023, 5:01 PM IST
സർക്കാരിനാണ് അധികാരമെങ്കിൽ ഇവിടങ്ങളിൽ എന്തുകൊണ്ട് സെർച്ച് കമ്മിറ്റി രൂപീകരിച്ചില്ല എന്ന മറു ചോദ്യവും കോടതി ഉന്നയിച്ചു. അതേസമയം യുജിസി അടക്കമുള്ളവർ പ്രതിനിധികളെ നിർദേശിച്ചില്ലെന്നാണ് സർക്കാരിന്‍റെ നിലപാട്. സുപ്രീം കോടതി ഉത്തരവനുസരിച്ച് സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം ചാൻസലർക്കെന്നാണ് ഗവർണറുടെ അഭിഭാഷകൻ വ്യക്തമാക്കിയത്.
സർവകലാശാലയിലെ സെർച്ച് കമ്മിറ്റി രൂപികരിക്കുന്നത് ഉൾപ്പടെയുള്ള അധികാരത്തിൽ നിന്നും ഗവർണറെ മാറ്റുന്ന ബിൽ അവതരിപ്പിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. അതേസമയം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായി സർക്കാരിന് സർവകലാശാല നിയമത്തിൽ മാറ്റം കൊണ്ടു വരാനാകില്ലെന്ന് ഹർജിക്കാരിയും വാദം ഉയർത്തി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് അധ്യാപികയായിരുന്ന ഡോ. മേരി ജോർജാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി ജനുവരി 11ന് കോടതി വീണ്ടും പരിഗണിക്കും.