തിരക്കഥാകൃത്തിന്‍റെ പേര് ഒഴിവാക്കി മാമാങ്കം റിലീസ് ചെയ്യാമെന്ന് ഹൈക്കോടതി - Mammootty big budget movie
മാമാങ്കത്തിന്‍റെ കഥ തന്‍റേതാണെന്നും സിനിമയിൽ തന്‍റെ പേര് ഒഴിവാക്കിയത് നിയമ വിരുദ്ധമാണന്നും ചൂണ്ടിക്കാട്ടി ചിത്രത്തിന്‍റെ പ്രദർശനം തടയണമെന്നായിരുന്നു സിനിമയുടെ മുൻ സംവിധായകൻ സജീവ് പിള്ള നൽകിയ ഹർജിയിലെ ആവശ്യം
എറണാകുളം: മമ്മൂട്ടി ചിത്രം മാമാങ്കത്തിന് ഹൈക്കോടതിയുടെ പ്രദർശനാനുമതി. ചിത്രത്തിന്‍റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് സിനിമയുടെ മുൻ സംവിധായകൻ സജീവ് പിള്ള കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. മാമാങ്കത്തിന്‍റെ കഥ തന്‍റേതാണെന്നും സിനിമയിൽ തന്‍റെ പേര് ഒഴിവാക്കിയത് നിയമ വിരുദ്ധമാണന്നും സജീവ് പിള്ള ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതേത്തുടർന്ന് തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്‌ണന്‍റെ പേര് ഒഴിവാക്കി ചിത്രം പ്രദർശിപ്പിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.
സിനിമയുടെ കഥാകൃത്ത് സജീവ് പിള്ളയാണന്ന് വ്യക്തമാക്കിയ കോടതി വൈകിട്ട് നാലുമണിക്കകം ശങ്കർ രാമകൃഷ്‌ണന്‍റെ പേര് ഒഴിവാക്കുമെന്ന് കാണിച്ചുകൊണ്ടുള്ള സത്യവാങ്ങ്മൂലം നൽകാനും നിർമാതാവ് വേണു കുന്നപ്പിള്ളിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കഥയുടെ പകർപവകാശം വാങ്ങിയിട്ടുണ്ടെന്ന നിർമാതാവിന്‍റെ വാദം ഹൈക്കോടതി തള്ളി.
കഥാതന്തുവാണ് സിനിമയുടെ കാതൽ എന്ന് വിലയിരുത്തിയ കോടതി സംവിധായകനും നിർമാതാവും അണിയറക്കാർ മാത്രമാണന്നും കൂട്ടിച്ചേർത്തു. അതിനാൽ തന്നെ, കഥാകൃത്തിനുള്ള അവകാശം നിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.