എറണാകുളം : കെ.ബാബു എം.എൽ.എയ്ക്ക് ഹൈക്കോടതിയുടെ നോട്ടിസ്. തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന എം.സ്വരാജ് സമർപ്പിച്ച തെരഞ്ഞെടുപ്പ് ഹർജിയിലാണ് നടപടി. കേസ് ഒക്ടോബർ നാലിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ശബരിമല അയ്യപ്പന്‍റെ പേരിൽ വോട്ടുപിടിച്ചത് ജനപ്രാതിനിധ്യ നിയമ പ്രകാരം തെരഞ്ഞെടുപ്പ് അഴിമതിയാണന്നാണ് ഹർജിയിലെ ആരോപണം.
അയ്യപ്പന് ഒരു വോട്ട് എന്ന് പ്രിന്‍റ് ചെയ്തായിരുന്നു കെ ബാബുവിന്‍റെ സ്ലിപ്പെന്ന് സ്വരാജ് ചൂണ്ടിക്കാട്ടുന്നു. കൂടാതെ അയ്യപ്പന്‍റെ ചിത്രവും ബാബുവിന്‍റെ ചിത്രവും ചിഹ്നവും വച്ച് മണ്ഡലത്തിലാകെ വിതരണം ചെയ്‌തു, അയ്യപ്പനും സ്വരാജും തമ്മിലാണ് തെരഞ്ഞെടുപ്പെന്നും ഇടതുമുന്നണി സ്ഥാനാര്‍ഥി ജയിച്ചാൽ അയ്യപ്പന്‍റെ പരാജയമാകുമതെന്നും ബാബു മണ്ഡലത്തിലാകെ പ്രചരിപ്പിച്ചു തുടങ്ങിയവയാണ് ഹർജിക്കാരന്റെ വാദം.