എറണാകുളം: ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമാണ് ചെയ്യുന്നതെന്ന് തെരെഞ്ഞെടുപ്പ് കമ്മിഷൻ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇതിനാവശ്യമായ നടപടികൾ കമ്മിഷൻ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹര്‍ജിയിലാണ് ഹൈകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇരട്ട വോട്ടുകൾ കണ്ടെത്താൻ സ്വീകരിച്ച നടപടികൾ കമ്മിഷൻ കോടതിയെ അറിയിച്ചു. ഓൺലൈനായി പേര് ചേർക്കുമ്പോൾ അപാകത ഒഴിവാക്കാൻ സംവിധാനം ഒരുക്കണമെന്ന് കോടതി വ്യക്തമാക്കി. കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും.
ഇരട്ടവോട്ട് വിഷയത്തിൽ ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി - ഇരട്ടവോട്ട് വിഷയം
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിയിലാണ് നടപടി.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ എതിർ കക്ഷിയാക്കി സമർപ്പിച്ച ഹർജിയിൽ, പ്രശ്‌നം അതീവ ഗൗരവമാണെന്നും സംസ്ഥാന വ്യാപകമായി 4.34 ലക്ഷത്തിലധികം വ്യാജ വോട്ടുകൾ വോട്ടർ പട്ടികയിൽ ചേർത്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ചുണ്ടിക്കാണിച്ചിരുന്നു. ഇരട്ട വോട്ടുകൾ മരവിപ്പിക്കണമെന്നും ഇതിന് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നുമായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. മാർച്ച് 17 മുതൽ അഞ്ച് തവണകളായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും, മാർച്ച് 22ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയെങ്കിലും തുടർ നടപടികൾ സ്വീകരിച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.