എറണാകുളം:സ്വകാര്യ ബസുകൾക്ക് ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. ദീർഘദൂര റൂട്ടുകളിൽ നിലവിലുളള പെർമിറ്റുകൾക്ക് തത്‌കാലത്തേക്ക് തുടരാമെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവിൽ പറയുന്നത്. 140 കിലോമീറ്ററിന് മുകളിൽ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താനാകില്ലെന്നായിരുന്നു ഗതാഗത വകുപ്പിന്‍റെ തീരുമാനം.
നിലവിൽ പെർമിറ്റ് ഉണ്ടായിരുന്നവർക്ക് ഹർജിയിൽ അന്തിമ ഉത്തരവ് വരും വരെ തുടരാനാണ് അനുമതി. നിലവിലുളള പെർമിറ്റ് പുതുക്കാനുളള നടപടികളും സ്വീകരിക്കാം. 140 കിലോമീറ്ററിന് മുകളിൽ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താനാകില്ലെന്ന തീരുമാനത്തെ തുടർന്ന് സംസ്ഥാനത്ത് വർഷങ്ങളായി സർവീസ് നടത്തുന്ന പല ബസുകളും നിർത്തിവച്ച സാഹചര്യമുണ്ടായിരുന്നു.
ഹൈക്കോടതി ഉത്തരവ് കെഎസ്‌ആർടിസിക്ക് തിരിച്ചടി: ദീർഘദൂര സർവീസുകൾ മുന്നിൽ കണ്ടാണ് പുതിയ സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസുകൾ കെഎസ്‌ആർടിസി നിരത്തിലിറക്കിയത്. അതുകൊണ്ടുതന്നെ ഉത്തരവ് കെഎസ്‌ആർടിസിക്ക് വൻ തിരിച്ചടിയാകും. അതേസമയം 140 കിലോ മീറ്ററിന് മുകളിലായി ആരംഭിച്ച ടേക്ക് ഓവർ സർവീസുകൾക്ക് കെഎസ്‌ആർടിസി 30 ശതമാനം നിരക്ക് ഉളവ് പ്രഖ്യാപിച്ചിരുന്നു.
also read:അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ കോൺട്രാക്‌ട് ക്യാരേജ് വാഹനങ്ങളെ പൂട്ടാൻ കർശന പരിശോധനയുമായി എംവിഡി
പെൻഷനിൽ ഇപ്പോഴും ആശങ്ക: നിയമം ലംഘിച്ച് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ കാരണം ദീർഘ ദൂര സർവീസ് നടത്തുന്ന കെഎസ്‌ആർടിസിയ്‌ക്ക് നഷ്‌ടം നേരിട്ടിരുന്നു. ഈ സാഹചര്യത്തിൽ യാത്രക്കാരെ ആകർഷിക്കുന്നതിനായും നഷ്‌ടം നികത്തുന്നതിനുമായാണ് നിരക്ക് കുറച്ചതെന്ന് മാനേജ്‌മെന്‍റ് വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. അതേസമയം കെഎസ്‌ആർടിസി മുൻജീവനക്കാരുടെ പെൻഷൻ ഇപ്പോഴും കൊടുത്ത് തീർന്നിട്ടില്ല. ഈ മാസം 18 നകം കൊടുത്ത് തീർക്കുമെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
ഇതിനായി 140 കോടി രൂപ നൽകിയിട്ടുണ്ടെന്ന് പെൻഷൻ മുടങ്ങിയത് ചൂണ്ടിക്കാട്ടി ജീവനക്കാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ സർക്കാർ വിശദീകരണം നൽകിയിരുന്നു. സഹകരണ - ധനകരണ വകുപ്പുകൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് രണ്ട് മാസമായി പെൻഷൻ മുടങ്ങിക്കിടക്കുകയായിരുന്നു. പെൻഷൻ തുകയുടെ എട്ടേകാൽ ശതമാനമെന്ന പലിശ നിരക്ക് ഒൻപത് ശതമാനമാക്കണമെന്ന സഹകരണ വകുപ്പിന്‍റെ ആവശ്യമാണ് ധനകര്യ വകുപ്പും സഹകരണ വകുപ്പും തമ്മിലുള്ള തർക്കത്തിന് കാരണം.
also read:യാത്രക്കാരെ ആകർഷിക്കാൻ കെഎസ്ആർടിസി; ടേക്ക് ഓവർ സർവീസുകൾക്ക് 30 ശതമാനം നിരക്ക് ഇളവ്
അതേസമയം കെഎസ്‌ആർടിസി പുതിയ ഡയറക്‌ടർ ബോർഡ് അംഗമായി ഗതാഗത മന്ത്രി ആന്‍റണി രാജു, മഹുവ ആചാര്യയെ നാമനിർദേശം ചെയ്‌തിട്ടുണ്ട്. സുശീൽ ഖന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കെഎസ്‌ആർടിസി ജോയിന്‍റ് മാനേജിങ് ഡയറക്‌ടറായി ചുമതലയേറ്റ പ്രമോജ് ശങ്കറിനേയും നാമനിർദേശം ചെയ്‌തിട്ടുണ്ട്.
പുതിയ നിയമനത്തിലൂടെ കെഎസ്‌ആർടിസിയ്‌ക്ക് അധിക സാമ്പത്തിക ബാധ്യത ഇല്ലെന്നാണ് മാനേജ്‌മെന്‍റ് വാദം. കൂടാതെ പ്രൊഫഷണലുകളെ നിയമിക്കുന്നതിലൂടെ കെഎസ്‌ആർടിസി ശക്തിപ്പെടുത്താനാണ് മാനേജ്‌മെന്‍റ് ലക്ഷ്യമിടുന്നത്.