എറണാകുളം: രാജ്യദ്രോഹ കേസിൽ ലക്ഷദ്വീപിലെ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേന്ദ്ര സർക്കാർ ലക്ഷദ്വീപിൽ ജൈവായുധം പ്രയോഗിച്ചുവെന്ന ചാനൽ ചർച്ചയിലെ പരമർശത്തെ തുടർന്നായിരുന്നു കവരത്തി പൊലീസ് രാജ്യദ്രോഹക്കേസ് രജിസ്റ്റർ ചെയ്തത്. ഇതേ തുടർന്നാണ് ഐഷ സുൽത്താന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
എതിര്‍ത്ത് ലക്ഷദ്വീപ് ഭരണകൂടം
ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി കേന്ദ്ര സർക്കാരിന്‍റെയും ദ്വീപ് ഭരണകൂടത്തിന്‍റെയും വിശദീകരണം തേടിയിരുന്നു. എന്നാൽ മുൻകൂർ ജാമ്യം നൽകുന്നതിനെ കേന്ദ്ര സർക്കാരും , ദ്വീപ് ഭരണകൂടവും ശക്തമായി എതിർത്തിരുന്നു. തന്നെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലന്നും രാജ്യദ്രോഹകുറ്റം നിലനിൽക്കില്ലെന്നുമായിരുന്നു ഐഷ സുൽത്താനയുടെ വാദം.