എറണാകുളം: ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസ് പ്രതികളുടെ ഇടക്കാല മുൻകൂർ ജാമ്യം ഹൈക്കോടതി ഒരാഴ്ചത്തേക്ക് നീട്ടി. പൊലീസ് ഉദ്യോഗസ്ഥരായിരുന്ന നാല് പ്രതികളുടെ ജാമ്യ കാലാവധിയാണ് നീട്ടിയത്. മുൻകൂർ ജാമ്യാപേക്ഷ കേസിൽ നാളെ ഹൈക്കോടതി വാദം കേൾക്കും. സി.ബി.ഐക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വാദം കേൾക്കൽ നാളത്തേക്ക് മാറ്റിയത്.
കോടതി നിർദേശപ്രകാരം കേസെടുത്ത് സി.ബി.ഐ
ഇന്‍റലിജൻസ് ബ്യൂറോ മുൻ ഡെപ്യൂട്ടി ഡയറക്ടര്‍ ആർ.ബി ശ്രീകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ തമ്പി എസ് ദുർഗാദത്ത്, എസ് വിജയൻ, മുൻ ഡെപ്യൂട്ടി സെൻട്രൽ ഇന്‍റലിജൻസ് ഓഫീസർ പി.എസ് ജയപ്രകാശ് എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. 1994 ലെ ഐ.എസ്.ആർ.ഒ ചാരക്കേസിന്‍റെ ഗൂഢാലോചന അന്വേഷിക്കാൻ സുപ്രീം കോടതി നിർദേശിച്ചത് പ്രകാരമാണ് സി.ബി.ഐ കേസെടുത്തത്.
ഈ കേസിൽ പ്രതികളിൽ നിന്ന് രേഖകൾ കണ്ടെടുക്കേണ്ടതില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിജയനും തമ്പി എസ് ദുർഗാദത്തും മുൻകൂർ ജാമ്യം തേടി ഹർജി നൽകിയത്. ജൂനിയർ ഓഫിസറായിരുന്ന തന്നെ കേസിൽ അനാവശ്യമായി പ്രതി ചേർത്തതെന്നാണ് ജയപ്രകാശിന്‍റെ വാദം. ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണ് താൻ നടത്തിയിട്ടുള്ളതെന്നാണ് ആർ.ബി ശ്രീകുമാർ കോടതിയെ അറിയിച്ചത്.