എറണാകുളം:ശബരിമലയിൽ തിരക്ക് വർധിച്ച സാഹചര്യത്തിൽ തീർഥാടകരെ സഹായിക്കാൻ സ്പെഷൽ പൊലീസ് ഓഫിസർമാർക്ക് ഹൈക്കോടതിയുടെ പ്രത്യേക നിർദേശം. ശബരിമലയിലെ അനിയന്ത്രിത തിരക്ക് സംബന്ധിച്ച വിഷയം പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചില നിർദേശങ്ങൾ മുന്നോട്ടുവച്ചത്.
തീർഥാടകരെ സഹായിക്കാൻ സ്പെഷൽ പൊലീസ് ഓഫിസർമാർക്ക് പ്രത്യേക നിർദേശം കോടതി നൽകി. തിരക്ക് വർധിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി പരമാവധി സർവീസ് നടത്തണം. കൂടാതെ പമ്പയിലെ മെഡിക്കൽ സജ്ജീകരണങ്ങളെ സംബന്ധിച്ച് ജില്ല മെഡിക്കൽ ഓഫിസർ വെള്ളിയാഴ്‌ചക്കകം റിപ്പോർട്ട് നൽകണമെന്നും കോടതി പറഞ്ഞു.
മുതിർന്ന പൗരന്മാർക്കും അംഗപരിമിതർക്കും കുട്ടികൾക്കുമുള്ള പ്രത്യേക ക്യൂ എത്ര തീർഥാടകർ ഉപയോഗപ്പെടുത്തുന്നുവെന്ന് ദേവസ്വം ബോർഡ്
കണക്ക് സമർപ്പിക്കാനും ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. തിരക്ക് നിയന്ത്രണ നടപടിയുടെ ഭാഗമായും കുട്ടികളടക്കം നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനുമായിരുന്നു സന്നിധാനത്ത് പ്രത്യേക ക്യൂ ഏർപ്പെടുത്തിയത്.
കെഎസ്ആർടിസി ബുക്കിങ് ഓഫിസിനു മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിച്ചുകൊണ്ടും ദർശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തർക്ക് പോകാനായി തിരക്കേറിയ സമയത്ത് പമ്പയിൽ 10 ബസുകളെങ്കിലും ഉണ്ടാകണമെന്നും കോടതി ഇന്നലെ ഇടക്കാല ഉത്തരവ് നൽകിയിരുന്നു.