എറണാകുളം: നാട്ടിലെത്തുന്ന പ്രവാസികൾക്ക് രണ്ടാഴ്‌ചത്തെ ക്വാറൻ്റൈൻ നിർബന്ധമാക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. സംസ്ഥാന സർക്കാർ കേന്ദ്ര മാർഗനിർദേശം ലംഘിക്കുകയാണന്നും ഇടപെടണമെന്നുമുള്ള ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
പ്രവാസികൾക്ക് രണ്ടാഴ്‌ചത്തെ ക്വാറൻ്റൈൻ നിർബന്ധമാക്കണമെന്ന ആവശ്യം നിരസിച്ച് ഹൈക്കോടതി - രണ്ടാഴ്‌ചത്തെ ക്വാറൻ്റൈൻ
ക്വാറൻ്റൈൻ കാര്യത്തിൽ സർക്കാരാണ് തീരുമാനങ്ങൾ എടുക്കേണ്ടത്. നടപടികൾ സർക്കാരിൻ്റെ അധികാര പരിധിയിൽ വരുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി

പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് മാത്രമാണ് ഹർജികളിലെ ആവശ്യമെന്നും ഹർജിക്ക് പുറത്തുള്ള ആവശ്യങ്ങൾ ഉന്നയിക്കരുതെന്നും കോടതി പരാമർശിച്ചു. ക്വാറൻ്റൈൻ കാര്യത്തിൽ സർക്കാരാണ് തീരുമാനങ്ങൾ എടുക്കേണ്ടത്. നടപടികൾ സർക്കാരിൻ്റെ അധികാര പരിധിയിൽ വരുന്നതാണ്. പ്രവാസികളുടെ ഉത്തമ താൽപര്യത്തിന് എന്താണ് വേണ്ടതെന്ന് സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാർക്ക് അമിത ആശങ്ക വേണ്ടെന്നും സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കായി കാക്കണമെന്നും കോടതി നിർദേശിച്ചു.
കൊവിഡ് സാഹചര്യത്തിൽ തിരിച്ചെത്തിക്കുന്ന പ്രവാസികളുടെ നീരീക്ഷണ കാലാവധി ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിൻ്റെ അപേക്ഷ കേന്ദ്രത്തിന് കിട്ടിയിട്ടുണ്ടെന്നും എന്നാൽ അതിൽ തീരുമാനമെടുത്തില്ലെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. രോഗ ലക്ഷണങ്ങളില്ലാത്തവരെ ഏഴുദിവസത്തിന് ശേഷം ഹോം ക്വാറൻ്റൈൻ അനുവദിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണന്ന് സംസ്ഥാനവും ഹൈക്കോടതിയെ അറിയിച്ചു. പ്രവാസികളെ എത്തിച്ച് തുടങ്ങിയെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഹൈക്കോടതിയിൽ അറിയിച്ചു. കേസ് ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കും.