എറണാകുളം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സമരത്തില്‍ തൊഴിലാളി യൂണിയനുകള്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സമരവുമായി മുന്നോട്ട് പോയാല്‍ ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് മാറ്റേണ്ടി വരുമെന്ന് കോടതി. കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്ന തരത്തിലുള്ള സമരങ്ങള്‍ ഉണ്ടാകരുതെന്ന് യൂണിയനുകള്‍ക്ക് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കി.
ഓഫിസ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയുള്ള തൊഴിലാളി സമരത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി സമര്‍പ്പിച്ച ഉപഹര്‍ജി പരിഗണിക്കവെയാണ് യൂണിയനുകള്‍ക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചത്. തൊഴിലാളികള്‍ കോടതിയുടെ മേല്‍ വിശ്വാസമര്‍പ്പിക്കണമെന്നും ശമ്പള വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ സമരം നടത്തുന്നത് ശരിയല്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കോടതിക്ക് തൊഴിലാളികളുടെ ജീവിത പ്രശ്‌നങ്ങള്‍ അറിയാമെന്നും ഒറ്റ ദിവസം കൊണ്ട് അദ്ഭുതം സംഭവിക്കുമെന്ന് പ്രതീക്ഷിക്കരുതെന്നും കോടതി പറഞ്ഞു.