എറണാകുളം: പാതയോരങ്ങളിലെ അനധികൃത ബോർഡുകൾ നീക്കം ചെയ്യാൻ പൊലീസിനും ഭയമെന്ന് ഹൈക്കോടതി. റോഡരികിലെ അനധികൃത ഫ്ലക്‌സ് ബോർഡുകളും കൊടിമരങ്ങളും നീക്കം ചെയ്യാൻ ഹൈക്കോടതി നേരത്തെ നിരവധി തവണ ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ ഉത്തരവുകൾ നടപ്പാക്കാത്തതിനാലാണ് സർക്കാരിനെയും പൊലീസിനെയും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചത്.
റോഡരികിലെ അനധികൃത ബോർഡുകൾ നീക്കം ചെയ്യാൻ പൊലീസിനും ഭയമാണ്. ബോർഡിൽ തൊട്ടാൽ സ്ഥലം മാറ്റപ്പെടും എന്നതാണ് അവസ്ഥ. സർക്കാർ പ്രവർത്തിക്കാതിരിക്കുന്നതിന് പോലും ജനങ്ങൾ ഹൈക്കോടതിയേയാണ് 'ട്രോളുന്നത്' എന്നും അദ്ദേഹം വിമര്‍ശിച്ചു.
നടപടിയെടുക്കാൻ സർക്കാരിന് സാധിക്കില്ലെങ്കിൽ അക്കാര്യം വ്യക്തമാക്കണം. ഹൈക്കോടതി ഇടപെട്ടതോടെയാണ് കൊച്ചി നഗരത്തിലെ അനധികൃത ബോർഡുകളുടെ കാര്യത്തിൽ മാറ്റമുണ്ടായത്. എന്നാൽ മുഴുവൻ സമയവും ഇതിനുപിറകെ നടക്കാൻ കോടതിക്കാവില്ലെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
ആലുവ, കളമശ്ശേരി ഭാഗങ്ങളിൽ അനധികൃത ബോർഡുകൾ ധാരാളം ഉണ്ടെന്നും ഇവ വാഹന, കാൽനടയാത്രക്കാർക്ക് ഭീഷണിയാണെന്നും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. ബോർഡുകൾ നീക്കം ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥർക്ക് ഭീഷണിയുണ്ടെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി. വിഷയത്തിൽ ആലുവ, കളമശ്ശേരി നഗരസഭ സെക്രട്ടറിമാരും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനും ബുധനാഴ്‌ച (ഒക്‌ടോബർ 19) നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചു.