എറണാകുളം: കെടിഡിഎഫ്‌സിയ്‌ക്ക് (കേരള ട്രാൻസ്‌പോർട്ട് ഡെവലപ്പ്‌മെന്‍റ് ഫിനാൻസ് കോർപ്പേറേഷൻ) ഹൈക്കോടതിയുടെ വിമർശനം (High court criticize KTDFC). പണം നിക്ഷേപകർക്ക് തിരികെ നല്‍കാത്തത് എന്തുകൊണ്ടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. സർക്കാർ ഗ്യാരന്‍റിയിൽ നിക്ഷേപിച്ച പണം തിരികെ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കൊല്‍ക്കത്ത ആസ്ഥാനമായ ലക്ഷ്‌മി നാഥ് ട്രേഡ് ലിങ്ക്സ് സമർപ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടപെടൽ.
സർക്കാർ ഗ്യാരന്‍റിയിൽ നിക്ഷേപിച്ച പണം കാലാവധി കഴിഞ്ഞിട്ടും തിരികെ നൽകാത്തതോടെയാണ് കെടിഡിഎഫ്‌സിയ്‌ക്കെതിരെ നിക്ഷേപകർക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നത്. നിക്ഷേപിച്ച പണം തിരികെ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കൊല്‍ക്കത്ത ആസ്ഥാനമായ ലക്ഷ്‌മി നാഥ് ട്രേഡ് ലിങ്ക്സ് പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച ഹര്‍ജി പരിഗണിക്കവെ കെടിഡിഎഫ്‌സിയ്‌ക്കെതിരെ ഹൈക്കോടതി വിമർശന സ്വരത്തിൽ ചോദ്യങ്ങൾ ഉന്നയിച്ചു.
നിക്ഷേപകർക്ക് പണം നല്‍കാനാകാത്തത് എന്തുകൊണ്ടെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ (Justice Devan Ramachandran) ചോദ്യം. ആർബിഐയുടെ നിയന്ത്രണം അടക്കം കെടിഡിഎഫ്‌സി ചൂണ്ടിക്കാട്ടിയെങ്കിലും വിഷയത്തിൽ സർക്കാരിനോടു കൂടി ഹൈക്കോടതി മറുപടി ആവശ്യപ്പെട്ടു.
32 ലക്ഷത്തിൽപരം രൂപയാണ് കെടിഡിഎഫ്‌സി ഹർജിക്കാർക്ക് തിരികെ നൽകാനുള്ളത്. നാല് നിക്ഷേപങ്ങളിലായി സ്വീകരിച്ച പണം തിരികെ നൽകാനുള്ള കാലാവധി ജൂൺ, ജൂലൈ മാസങ്ങളിൽ പൂർത്തിയായിരുന്നു. പല തവണ പണം തിരികെ നൽകാനാവശ്യപ്പെട്ട് കെടിഡിഎഫ്‌സി അധികൃതരെ ബന്ധപ്പെട്ടെങ്കിലും മറുപടി ഉണ്ടായില്ലെന്നും അഭിഭാഷകരായ ജയ് ശങ്കർ വി.നായർ, ഗിരീഷ് കുമാർ എന്നിവർ മുഖേന നൽകിയ ഹർജിയിൽ പറയുന്നുണ്ട്.