എറണാകുളം:കെ ഫോണ്‍ (KFON) പദ്ധതിയില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ (VD Satheeshan Petition On KFON) ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് നിലപാട് തേടി ഹൈക്കോടതി (Kerala High Court). വിഡി സതീശന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടിസ് അയക്കാതെയാണ് കോടതി സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടത്. പദ്ധതിയില്‍ അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സമര്‍പ്പിച്ച ഹര്‍ജി പൊതു താത്‌പര്യമല്ലെന്നും പബ്ലിസിറ്റി താത്പര്യമാണെന്നും കോടതി വിമര്‍ശിച്ചു.
കെ ഫോണ്‍ പദ്ധതിക്കെതിരെ സിഎജി റിപ്പോര്‍ട്ട് ഉണ്ടെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചിരുന്നു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എന്നാല്‍, തെളിവുകള്‍ ലഭിച്ച ശേഷം കോടതിയെ സമീപിച്ചാൽ പോരായിരുന്നോ എന്നാണ് ജസ്റ്റിസ് വി ജി അരുൺ ചോദിച്ചത്.
അതേസമയം, സിഎജി റിപ്പോര്‍ട്ടല്ല നിരീക്ഷണമാണ് നല്‍കിയതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. തുടര്‍ന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ഹര്‍ജിയില്‍ ഡിവിഷന്‍ ബഞ്ച് സംസ്ഥാന സര്‍ക്കാരിനോട് നിലപാട് തേടിയത്. കെ ഫോണ്‍ പദ്ധതിയില്‍ കരാര്‍ നല്‍കിയതിലടക്കം അഴിമതി നടന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആക്ഷേപം. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് പദ്ധതിയില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.