എറണാകുളം: ഓർത്തഡോക്‌സ്, യാക്കോബായ സഭകൾ തമ്മിൽ തർക്കത്തിലിരിക്കുന്ന കോട്ടയം തിരുവാർപ്പ് പള്ളി കേസിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പള്ളി ഓർത്തഡോക്‌സ് വിഭാഗത്തിന് വിട്ടുനൽകണമെന്ന രണ്ട് വർഷം മുമ്പുള്ള കോട്ടയം മുൻസിഫ് കോടതി ഉത്തരവ് നടപ്പിലാക്കാത്തതാണ് ഹൈക്കോടതിയുടെ വിമർശനത്തിന് കാരണമായത്.
സെന്‍റ് മർത്തശ്‌മൂനി പള്ളി ആറാഴ്‌ചയ്ക്കകം ഓർത്തഡോക്‌സ് വിഭാഗത്തിന് ആരാധനയ്‌ക്ക് തുറന്നു കൊടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കോടതി ഉത്തരവുകൾ നൽകുന്നത് പൊലീസിന്‍റെയും ജില്ല ഭരണകൂടത്തിന്‍റെയും ആവശ്യപ്രകാരം കോൾഡ് സ്റ്റോറേജിൽ വെക്കാനല്ലെന്നും ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ മൂക സാക്ഷിയായി ഇരിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. പള്ളി കൈമാറാനുള്ള ഉത്തരവ് നടപ്പാക്കിയാൽ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന ജില്ല ഭരണകൂടത്തിന്‍റെയും പൊലീസിന്‍റെയും നിലപാട് കോടതി തള്ളി. കോടതി ഒരുത്തരവ് നൽകിയാൽ അതു നടപ്പാക്കാൻ അധികൃതർക്ക് ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.