കേരളം

kerala

ETV Bharat / state

ഹൈക്കോടതിയും ചോദിക്കുന്നു? മദ്യത്തിന് 500 പേര്‍, വിവാഹത്തിന് 20! സര്‍ക്കാര്‍ വിശദീകരിക്കണം - മദ്യ ശാലകളിലെ തിരക്ക്

കൊവിഡ് രോഗവ്യാപനം കൂടി നില്‍ക്കുന്ന സമയത്ത് സര്‍ക്കാരിന്‍റെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

High Court criticis Kerala government  Bevco shop  crowd in front of Bevco shop  സര്‍ക്കാറിനെതിരെ ഹൈകോടതി  ബെവ്കോ  മദ്യ വില്‍പ്പന  മദ്യ ശാലകളിലെ തിരക്ക്  മദ്യശാലകളിലെ തിരക്ക്
സര്‍ക്കാറിനെതിരെ ഹൈകോടതി; വിവാഹത്തിന് 20 പേര്‍ മദ്യശാലക്ക് മുന്നിലോ...?

By

Published : Jul 8, 2021, 1:15 PM IST

എറണാകുളം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മദ്യശാലയ്ക്ക് മുന്നിലെ തിരക്ക് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നുവെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു.

വിവാഹ ചടങ്ങിൽ 20 പേർക്ക് പങ്കെടുക്കാനാണ് സർക്കാർ അനുമതി. എന്നാല്‍ മദ്യശാലയ്ക്ക് മുന്നിൽ അഞ്ഞൂറ് പേരാണ് ഒത്തുകൂടുന്നത്. മദ്യത്തിനായുള്ള വരിയിലുള്ളവര്‍ക്ക് കൊവിഡുണ്ടോ ഇല്ലയോ എന്ന് സര്‍ക്കാരിന് ഉറപ്പുണ്ടോയെന്ന് കോടതി അന്വേഷിച്ചു.

ലാഭം മാത്രമാണ് ലക്ഷ്യം

രോഗവ്യാപനം കുറയാതെ നില്‍ക്കുകയാണ്. അപ്പോഴാണ് മദ്യശാലയ്ക്ക് മുന്നിൽ അനിയന്ത്രിതമായുള്ള ഒത്തുകൂടല്‍. മദ്യവില്‍പനയുടെ കുത്തക ബെവ്കോയ്ക്കാണ്. സർക്കാരിന് ലാഭം മാത്രമാണോ ലക്ഷ്യമെന്നും കോടതി ആരാഞ്ഞു. ജനങ്ങളുടെ ആരോഗ്യം പ്രധാനമാണെന്നും കോടതി ഓര്‍മിപ്പിച്ചു.

കേരളം മുന്നിലാണ്!

രാജ്യത്തെ കൊവിഡ് നിരക്കിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണ്. ആൾക്കൂട്ടം നിയന്ത്രിക്കാൻ നടപടി അടിയന്തര സ്വീകരിക്കണമെന്ന് എക്സൈസ് കമ്മിഷണറോടും ബെവ്കോ എം.ഡിയോടും കോടതി നിർദേശിച്ചു. കേസ് അടുത്ത ചൊവ്വാഴ്ചക്ക് ശേഷം പരിഗണിക്കും. അതിനകം ഇതുവരെയുള്ള നടപടികളെ കുറിച്ച് സര്‍ക്കാര്‍ വിശദീകരിക്കണം.

ബെവ്കോ എം.ഡി.യും എക്സൈസ് കമ്മിഷണറും ഓൺലൈനായി കോടതിയിൽ ഹാജരായിരുന്നു. തൃശൂർ കറുപ്പം റോഡിൽ ബെവ്കോ ഔട്ട്ലറ്റിന് മുന്നിലെ തിരക്ക് കച്ചവടത്തിന് തടസം ഉണ്ടാക്കുന്നുവെന്ന് ചുണ്ടിക്കാട്ടി കടയുടമകൾ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. വിവാഹത്തിന് ആളെ കുറച്ച് മദ്യശാലയ്ക്ക് മുന്നില്‍ കൂടുതല്‍ പേരെ അനുവദിച്ചത് സംബന്ധിച്ച് പ്രതിപക്ഷ സംഘടനകളും വിവിധ മതസംഘടനകളും സര്‍ക്കാരിനെതിരെ ആക്ഷേപം ഉന്നയിച്ചിരുന്നു.

കൂടുതല്‍ വായനക്ക്:- ആദ്യ ദിനം റെക്കോഡ് മദ്യ വില്‍പന; വിറ്റഴിച്ചത് 52 കോടിയുടെ മദ്യംകൂടുതല്‍ വായനക്ക്:- സംസ്ഥാനത്തിന് 3.79 ലക്ഷം ഡോസ് കൊവിഡ് വാക്സിന്‍ കൂടി

ABOUT THE AUTHOR

...view details