എറണാകുളം: ജീവിതം ആസ്വദിക്കുന്നതിന് തടസമായാണ് വിവാഹത്തെ പുതിയ തലമുറ കാണുന്നതെന്ന് ഹൈക്കോടതി. ഉപഭോക്തൃ സംസ്‌കാരം വിവാഹബന്ധങ്ങളെയും ബാധിച്ചെന്ന് ഹൈക്കോടതി പരാമർശിച്ചു. വിവാഹമോചനം ആവശ്യപ്പെട്ട ആലപ്പുഴ സ്വദേശിയായ യുവാവിന്‍റെ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ വിവാദ പരാമർശം.
ഉപയോഗിക്കുക വലിച്ചെറിയുക എന്ന സംസ്ക്കാരം വിവാഹബന്ധങ്ങളെയും ബാധിച്ചു. ലിവിങ് ടുഗദര്‍ ബന്ധങ്ങള്‍ വളരുന്നത് ഇതിന് തെളിവാണ്. ബാധ്യതകളില്ലാത്ത സ്വതന്ത്രമായ ജീവിതമാണ് യുവതലമുറ ആഗ്രഹിക്കുന്നത്.
ഒരുകാലത്ത് കേരളം ശക്തമായ കുടുംബ ബന്ധങ്ങൾക്ക് പ്രസിദ്ധമായിരുന്നു. എന്നാൽ സ്വാർഥമായ ചെറിയ കാര്യങ്ങൾക്കായും വിവാഹേതര ബന്ധങ്ങൾക്കുമായി വിവാഹ മോചനം ആവശ്യപ്പെടുന്നതാണ് നിലവിലെ പ്രവണത. വിവാഹമോചിതരും, ഉപേക്ഷിക്കപ്പെട്ട കുട്ടികളും കൂടുന്നത് സമൂഹത്തെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.
ബാധ്യതകൾ ഇല്ലാതെ ജീവിതം ആസ്വദിക്കുന്നതിന് വിവാഹത്തെ തടസമായാണ് പുതുതലമുറ കാണുന്നത്. ഭാര്യ എന്നന്നേക്കും ആശങ്ക ക്ഷണിച്ചുവരുത്തുന്നവളാണ് എന്നതാണ് പുതുതലമുറയുടെ ചിന്താഗതി. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം വിവാഹ ബന്ധങ്ങളെയും ബാധിച്ചു എന്നിങ്ങനെയാണ് ഉത്തരവിലെ വിവാദ പരാമർശങ്ങൾ.
ജസ്‌റ്റിസുമാരായ മുഹമ്മദ് മുസ്‌താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റേതാണ് പരാമർശം. ആലപ്പുഴ കുടുംബകോടതി ആവശ്യം തള്ളിയതിനെ തുടർന്നായിരുന്നു യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യയിൽ നിന്നുള്ള പീഡനം സഹിക്കാനാവുന്നില്ലെന്ന കാരണമാണ് വിവാഹമോചനത്തിനായി യുവാവ് ചൂണ്ടിക്കാട്ടിയത്.
2009 ലാണ് ഇരുവരും വിവാഹിതരായത്. 2018ൽ വിവാഹമോചനത്തിനായി യുവാവ് കോടതിയിൽ എത്തുകയായിരുന്നു. ഭാര്യയുടെ പെരുമാറ്റത്തിൽ അപാകതയുണ്ട്, തനിക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് വഴക്കിടുന്നത് പതിവാണെന്നുമായിരുന്നു യുവാവിന്‍റെ പരാതി. എന്നാൽ ഭാര്യ ഭർത്താവിന്‍റെ മുന്‍പിൽ വേദന പ്രകടിപ്പിച്ചാൽ, അത് ഒരു ഭാര്യയുടെ വൈകാരിക പെരുമാറ്റമായി കാണണം. അല്ലാതെ മാനസിക വൈകല്യമായി വിശേഷിപ്പിക്കാനാവില്ലെന്നും കേസ് പരിഗണിക്കവെ കോടതി വ്യക്തമാക്കി.