എറണാകുളം : സാങ്കേതിക സർവകലാശാല നടത്തുന്ന എഞ്ചിനീയറിങ് സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കി ഹൈക്കോടതി. വിദ്യാർഥികൾ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് നടപടി. നിലവിൽ നടത്തുന്ന ഒന്നും മൂന്നും സെമസ്റ്റർ പരീക്ഷകളാണ് റദ്ദാക്കിയത്.
കൊവിഡ് സാഹചര്യത്തിൽ യുജിസി മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പരീക്ഷകൾ നടത്തുന്നതെന്നായിരുന്നു വിദ്യാർഥികളുടെ ആരോപണം. ഇത് തെളിയിക്കുന്ന ചിത്രങ്ങളും വിദ്യാർഥികൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. പരീക്ഷ ഓൺലൈനാക്കണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിരുന്നു.
ALSO READ:പ്ലസ് ടു, വിഎച്ച്എസ്‌സി പരീക്ഷ ഫലം ബുധനാഴ്‌ച
ഇതോടെ നേരത്തേ പൂർത്തിയാക്കിയ മൂന്ന് പരീക്ഷകളും അസാധുവായി. തുടർന്നുള്ള ദിവസങ്ങളിലെ പരീക്ഷകളും നടത്താൻ പാടില്ലെന്നാണ് കോടതി ഉത്തരവ്.
കൊവിഡ് ഭീഷണി ഒഴിഞ്ഞതിന് ശേഷം മാത്രമേ ഇനി പരീക്ഷകൾ നടത്താൻ കഴിയുകയുള്ളൂ. നിലവിലെ സാഹചര്യത്തിൽ പരീക്ഷ നടത്തുന്നുവെങ്കിൽ അത് ഓൺലൈനായിരിക്കണമെന്നും കോടതി നിർദേശിച്ചു.
അതേസമയം നാളത്തെ പരീക്ഷകൾ മാറ്റിയതായി സാങ്കേതിക സർവകലാശാല അറിയിച്ചു. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനാണ് സാങ്കേതിക സർവകലാശാലയുടെ തീരുമാനം.