എറണാകുളം: എഴുത്തുകാരൻ സിവിക് ചന്ദ്രന് ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച കോഴിക്കോട് മുൻ പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്‌ജി എസ്. കൃഷ്‌ണകുമാറിന്‍റെ സ്ഥലം മാറ്റം ഹൈക്കോടതി റദ്ദാക്കി. കൊല്ലം ലേബർ കോടതി ജഡ്‌ജിയായി സ്ഥലം മാറ്റികൊണ്ടുള്ള ഹൈക്കോടതി രജിസ്‌ട്രാർ ജനറലിന്‍റെ ഉത്തരവാണ് റദ്ദാക്കിയത്. സ്ഥലം മാറ്റം ശരിവച്ച സംഗിൾ ബഞ്ച് ഉത്തരവിനെതിരെ കൃഷ്‌ണകുമാർ നൽകിയ അപ്പീൽ അംഗീകരിച്ചാണ് നടപടി.
സ്ഥലം മാറ്റിയത് നിയമവിരുദ്ധ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി സെഷൻസ് ജഡ്‌ജി നേരത്തേ നൽകിയ രണ്ട് ഹർജികൾ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സെഷൻസ് ജഡ്‌ജി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. കൊല്ലം ലേബർ കോടതി ജഡ്‌ജിയുടേത് ഡെപ്യൂട്ടേഷൻ തസ്‌തികയല്ലെന്നും സ്ഥലം മാറ്റത്തിന് മുൻകൂർ അനുമതി ആവശ്യമില്ലെന്നുമായിരുന്നു സിംഗിൾ ബഞ്ചിന്‍റെ കണ്ടെത്തൽ.