എറണാകുളം :തൃപ്പൂണിത്തുറ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജിയിൽ കെ ബാബു എം എൽ എയ്ക്ക് തിരിച്ചടി. കെ ബാബുവിനെതിരായ എം സ്വരാജിന്‍റെ തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹർജി നിലനിൽക്കില്ലെന്ന ബാബുവിന്‍റെ തടസവാദം ജസ്റ്റിസ് പി ജി അജിത് കുമാറിന്‍റെ ബഞ്ച് തള്ളി.
ഹർജിയിൽ തെരഞ്ഞെടുപ്പ് വോട്ടേഴ്‌സ് സ്ലിപ്പിൽ അയ്യപ്പന്‍റെ പടം ഉപയോഗിച്ച് വോട്ട് തേടി എന്നതിൽ വാദം നടക്കും. ഹർജിയിൽ എതിർ സത്യവാങ്‌മൂലം നൽകാൻ മൂന്ന് ആഴ്‌ചത്തെ സമയം കോടതി നൽകി. കേസ് മെയ് 24ന് കോടതി വീണ്ടും പരിഗണിക്കും.
also read:തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് : കോടതിവിധി പ്രതീക്ഷിച്ചതെന്ന് എം.സ്വരാജ്, തിരിച്ചടിയല്ലെന്ന് കെ ബാബു
ശബരിമല അയ്യപ്പന്‍റെ പേര് പറഞ്ഞാണ് ബാബു വോട്ടുപിടിച്ചതെന്നും അതിനാല്‍ വിജയം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സ്വരാജ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
'മതം ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചു' : മതത്തെ ഉപയോഗിച്ചാണ് നിലവിലെ എം എൽ എ ആയ കെ ബാബു വോട്ട് തേടിയതെന്നും ഇത് ജനാധിപത്യ നിയമങ്ങളുടെ ലംഘനമാണെന്നും എം സ്വരാജ് ഹര്‍ജിയില്‍ ആരോപിക്കുന്നു. തൃപ്പൂണിത്തുറ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നും ഇടതുപക്ഷ സ്ഥാനാർഥിയായിരുന്ന തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുകയും ചെയ്‌തു. വോട്ടർമാരെ സ്വാധീനിക്കാൻ കെ ബാബു അയ്യപ്പനേയും മതത്തേയും ദുരുപയോഗം ചെയ്‌തു എന്നും ഹർജിയിൽ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച സാമഗ്രികളും ചിത്രങ്ങളും ഹാജരാക്കിക്കൊണ്ടായിരുന്നു എം സ്വരാജിന്‍റെ ഹർജി. അഭിഭാഷകരായ പി കെ വർഗീസ്, കെ എസ് അരുൺ കുമാർ എന്നിവർ മുഖേനയായിരുന്നു സ്വരാജ് തെരഞ്ഞെടുപ്പ് ഹർജി സമർപ്പിച്ചിരുന്നത്.
also read:കർണാടക നിയമസഭ തെരഞ്ഞെടുപ്പ് മെയ് 10ന്, വോട്ടെണ്ണല്‍ മെയ് 13ന്
കോടതി വിധി തിരിച്ചടിയല്ലെന്ന് കെ ബാബു : അതേസമയം സ്വരാജിന്‍റെ ഹർജി നിലനിർത്തിക്കൊണ്ടുള്ള കോടതി വിധി ഒരു തിരിച്ചടിയായി തോന്നുന്നില്ലെന്ന് കെ ബാബു പ്രതികരിച്ചു. അയ്യപ്പന്‍റെ ചിത്രം പ്രിന്‍റ് ചെയ്‌ത സ്ലിപ്പ് വിതരണം ചെയ്‌തിട്ടില്ലെന്നും ഹർജിയിൽ പറയുന്ന കാര്യങ്ങൾ പച്ചക്കള്ളമാണെന്നും കെ ബാബു പറഞ്ഞു. ഡിവൈഎഫ്ഐ നേതാവിനാണ് ഇത് ആദ്യമായി കിട്ടിയതെന്ന് പറഞ്ഞ എം എൽ എ തുടർനടപടികളുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.
also read:'അരിക്കൊമ്പന്‍ വിഷയത്തില്‍ വിദഗ്‌ധ സമിതി രൂപീകരിച്ച് ഹൈക്കോടതി ; റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിലേക്ക് വിട്ടുകൂടേയെന്ന് ചോദ്യം
വിജയം അധാർമികമായിരുന്നെന്ന് സ്വരാജ് : വിഷയത്തിൽ തൃപ്പൂണിത്തുറയിലെ കോൺഗ്രസിന്‍റെ വിജയം അധാർമികമായിരുന്നെന്നും കോടതി വിധി പ്രതീക്ഷിച്ചിരുന്നുവെന്നും എം സ്വരാജ് മാധ്യമങ്ങളോട് പ്രതികരിച്ചു. സിറ്റിങ് എം എൽ എ ആയിരുന്ന എം സ്വരാജിനെ 992 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ ബാബു തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത്.