എറണാകുളം: സ്വര്‍ണക്കടത്ത് കേസില്‍ രഹസ്യമൊഴി പൊതുരേഖയാണോ എന്ന നിയമപ്രശ്‌നത്തില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. കേസില്‍ കോടതിയെ സഹായിക്കാന്‍ അഡ്വക്കേറ്റ് ധീരേന്ദ്ര കൃഷ്‌ണനെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്‍റെ ഉത്തരവ് പ്രകാരം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ നല്‍കിയ ഹര്‍ജിയുടെ പശ്ചാത്തലത്തിലാണ് അമിക്കസ് ക്യൂറിയെ നിയമിച്ചത്.
സ്വപ്‌നക്കെതിരായ ഗൂഢാലോചന കേസില്‍ സാക്ഷിയാണ് താനെന്നും തനിക്കെതിരായ പരാമര്‍ശങ്ങളും സ്വപ്‌ന നല്‍കിയ രഹസ്യമൊഴിയിലുണ്ടെന്ന് ചൂണ്ടികാട്ടിയുമാണ് സരിതയുടെ ഹര്‍ജി. എന്നാല്‍ തന്‍റെ ആവശ്യം തള്ളിയ ജില്ല കോടതി വിധിക്കെതിരെയാണ് സരിത ഹൈക്കോടതിയിലെത്തിയത്. വിഷയത്തില്‍ രഹസ്യമൊഴി എങ്ങനെ പൊതുരേഖ ആകുമെന്ന് കോടതി ചേദിച്ചിരുന്നു.