എറണാകുളം:ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. ബ്രഹ്മപുരത്ത് കോടതി നിരീക്ഷണ സമിതിയെ നിയോഗിച്ചു. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ.
ബ്രഹ്മപുരത്ത് ശുചിത്വ മിഷൻ ഡയറക്‌ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ, ജില്ല കലക്‌ടർ, മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻവയോൺമെന്‍റൽ എഞ്ചിനീയർ, കോർപ്പറേഷൻ സെക്രട്ടറി, കെൽസ സെക്രട്ടറി എന്നിവരുൾപ്പെട്ട സമിതിയെയാണ് കോടതി നിയോഗിച്ചത്. 24 മണിക്കൂറിനുള്ളിൽ സമിതി ബ്രഹ്മപുരം സന്ദർശിക്കണമെന്നും കോടതി നിർദേശം നൽകി.
കോർപ്പറേഷന് കോടതി വിമർശനം: മാലിന്യ പ്ലാന്‍റിലെ എട്ട് സെക്‌ടറുകളിൽ ആറ് സെക്‌ടറിലെ തീ അണച്ചുവെന്നും രണ്ട് സെക്‌ടറുകളിൽ പുക ഉയരുന്നുണ്ടെന്നും കോർപ്പറേഷൻ സെക്രട്ടറി കോടതിയെ അറിയിച്ചു. പുകയുടെ തീവ്രത കൂടുതലല്ലെയെന്നും എത്രനാൾ ജനങ്ങൾ ഇത് സഹിക്കണമെന്നും കോടതി വിമർശന സ്വരത്തിൽ ചോദ്യമുയർത്തിയിരുന്നു. രണ്ട് ദിവസമായി രാത്രിയിലും തീയും പുകയും നിയന്ത്രണവിധേയമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നാണ് കോർപറേഷൻ അറിയിച്ചത്.
അതേസമയം തീ എപ്പോൾ പൂർണമായും കെടുത്താൻ സാധിക്കുമെന്നതിൽ ജില്ല കളക്‌ടർ ഉൾപ്പെടെയുള്ളവർക്ക് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല. കൊച്ചി നഗരത്തിലെ മാലിന്യ നീക്കം നാളെ തന്നെ പുനരാരംഭിക്കാനും കോടതി കോർപ്പറേഷന് കർശന നിർദേശം നൽകി. മാലിന്യ നീക്കം തടസപ്പെട്ടതു മൂലവും, പുക കാരണവും ജനങ്ങൾ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരവും ഉണ്ടാകണം.
ഖര മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് കർമ്മ പദ്ധതി സമർപ്പിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്കും കോടതി നിർദേശം നൽകി. ബ്രഹ്മപുരത്തെ അവസ്ഥ മോശമെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്‌ച പരിഗണിക്കും.