എറണാകുളം:പീഡനത്തിനിരയായി ഗർഭിണിയായ 13 വയസുകാരിക്ക് ഗർഭഛിദ്രം നടത്താൻ ഹൈക്കോടതി അനുമതി നൽകി. 26 ആഴ്ച പിന്നിട്ട ഗർഭം നീക്കം ചെയ്യാൻ അനുമതി തേടി പിതാവ് നൽകിയ ഹർജി ഇന്നലെ അടിയന്തര സിറ്റിങ് നടത്തിയാണ് ഹൈക്കോടതി അനുവദിച്ചത്.
24 മണിക്കൂറിനകം അബോർഷൻ നടത്താനാണ് അനുമതി. നേരത്തെ മെഡിക്കൽ ബോർഡിന് രൂപം നൽകാനും കുട്ടിയെ പരിശോധിച്ച് റിപ്പോർട്ട് നൽകാനും ഹൈക്കോടതി നിർദേശിച്ചിരുന്നു. തുടർന്ന് ബോർഡ് കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു. അപകടസാധ്യതകളുണ്ടെങ്കിലും അബോർഷൻ നടത്താനാവുമെന്നായിരുന്നു റിപ്പോർട്ട്.
20 ആഴ്ച വരെ വളർച്ചയുള്ള ഭ്രൂണം നശിപ്പിക്കാൻ നിയമപരമായി വ്യവസ്ഥയുണ്ട്. അടുത്തിടെ നിയമഭേദഗതിയിലൂടെ ഇത് 24 ആഴ്ച വരെയുള്ള ഭ്രൂണത്തിനും ബാധകമാക്കിയിരുന്നു. ഈ കേസില്‍ ഭ്രൂണവളർച്ച 26 ആഴ്ച പിന്നിട്ടെങ്കിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനത്തെത്തുടർന്ന് ഗർഭിണിയാകേണ്ടി വന്ന സാഹചര്യം കണക്കിലെടുത്ത് സിംഗിള്‍ ബെഞ്ച് അനുമതി നൽകുകയായിരുന്നു.
ഗർഭഛിദ്രം അനുവദിച്ചില്ലെങ്കിൽ പെൺകുട്ടിയുടെ ജീവിതത്തിലുടനീളം ഈ സംഭവം ഒരു മുറിപ്പാടായി അവശേഷിക്കാനിടയുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. പീഡനത്തിനിരയായ സംഭവം അവളെ ദിനംപ്രതി വേട്ടയാടും. ഇത്തരമൊരു മാനസികാഘാതം ഇരയ്ക്കൊപ്പം മാതാപിതാക്കളെയും വേട്ടയാടും. ഇതു സാമൂഹ്യ താല്പര്യത്തിന് വിരുദ്ധമാണെന്നതിൽ തർക്കമില്ലെന്നും ഹൈക്കോടതി പറഞ്ഞു. തുടർന്നാണ് ഭ്രൂണത്തിന്‍റെ ഡി.എൻ.എ പരിശോധനയ്ക്കു തെളിവുകൾ ശേഖരിക്കണമെന്ന നിർദ്ദേശത്തോടെ അബോർഷന് അനുമതി നൽകിയത്. പതിനാലുകാരനായ സഹോദരൻ പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.