എറണാകുളം : കൊച്ചി കോർപറേഷനും പൊതുമരാമത്ത് വകുപ്പിനും നേരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നഗരത്തിലെ ഭൂരിഭാഗം റോഡുകളും തകർന്നുവെന്നും പശവച്ച് ഒട്ടിച്ചാണോ റോഡ് നിർമിച്ചതെന്നും കോടതി പരിഹസിച്ചു. നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച വിവിധ ഹർജികൾ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം.
'കൊച്ചി നഗരത്തിലെ റോഡുകള്‍ പശവച്ചാണോ ഒട്ടിച്ചത്' ; പൊതുമരാമത്ത് വകുപ്പിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം - കോർപ്പറേഷൻ സെക്രട്ടറിക്ക് നോട്ടീസ്
കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥയില്‍ പൊതുമരാമത്ത് വകുപ്പിനെ പരിഹസിച്ച് ഹൈക്കോടതി ; കോർപറേഷന്‍ സെക്രട്ടറിക്ക് നോട്ടിസ്
റോഡ് തകർന്നതിന്‍റെ പ്രാഥമിക ഉത്തരവാദിത്തം എഞ്ചിനീയർമാർക്കാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. വിഷയത്തിൽ ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ ലംഘിക്കപ്പെട്ടു. നൂറുകണക്കിന് കാൽനടയാത്രക്കാർക്ക് ജീവൻ നഷ്‌ടമായെന്നാണ് കണക്കുകൾ. സിറ്റി പൊലീസ് കമ്മിഷണർ മറുപടി പറയണമെന്നും കോടതി വ്യക്തമാക്കി.
കോർപറേഷൻ സെക്രട്ടറിക്ക് നോട്ടിസ് അയക്കാനും കോടതി നിർദേശം നൽകി. നഗരത്തിലെ നടപ്പാതകൾ അപകടാവസ്ഥയിലാണെന്നും കോടതി ഇടപെട്ടിട്ടും ഇതിലൊന്നും മാറ്റമുണ്ടാകുന്നില്ലെന്നും സിംഗിൾ ബഞ്ച് വിമർശിച്ചു.