എറണാകുളം : യാത്രാ ഇളവ് നൽകുന്നതിന്‍റെ പേരിൽ വിദ്യാർഥികളോട് ബസ് ജീവനക്കാർ വിവേചനം കാണിക്കരുതെന്ന് ഹൈക്കോടതി. മറ്റ് യാത്രക്കാർക്കുള്ള തുല്യ പരിഗണന വിദ്യാർഥികൾക്കും നൽകണം. കുട്ടികളോട് ബസ് ജീവനക്കാർ കാണിക്കുന്ന വിവേചനം പലപ്പോഴും ക്രമസമാധാന നില തകരാറിലാകാൻ കാരണമാകുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ ഇല്ലാതിരിക്കാന്‍ പൊലീസും ശ്രദ്ധിക്കണം.
ബസ് കൺസഷൻ നിരക്ക് പരിഷ്‌കരണം സർക്കാരിന്‍റെ നയപരമായ കാര്യമാണ്. അക്കാര്യത്തിൽ കോടതിക്ക് ഇടപെടാനാകില്ലെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. എന്നാൽ മാറിയ സാഹചര്യം വിദ്യാർഥി സംഘടനകളും സർക്കാരും പരിഗണിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ബസ് ജീവനക്കാർക്കെതിരായി രജിസ്റ്റർ ചെയ്‌ത ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട ഉത്തരവിലാണ് ഹൈക്കോടതിയുടെ സുപ്രധാന പരാമർശം.
എറണാകുളം സ്വദേശികളായ ബസ് ജീവനക്കാർ നൽകിയ ഹർജികൾ ഒരുമിച്ച് പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്. ബസ് ജീവനക്കാർക്കെതിരായ കേസുകൾ റദ്ദാക്കിയാണ് സിംഗിൾ ബെഞ്ച് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണൻ ഉത്തരവിറക്കിയത്. ബസ് ജീവനക്കാരും വിദ്യാർഥികളുമായി കൺസഷന്‍റെ പേരിൽ നിരന്തരം തർക്കമുണ്ടാകുന്ന സാഹചര്യത്തിലാണ് കോടതി ഇടപെടൽ.
കൺസെഷൻ നിരക്ക് ബസുകളിൽ പ്രദർശിപ്പിക്കണം; വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് സ്വകാര്യ ബസുകളിൽ നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് എറണാകുളം കലക്‌ടർ നിർദേശിച്ചിരുന്നു. കഴിഞ്ഞ മാസം വിദ്യാർഥികളുടെ യാത്ര സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി കലക്‌ടർ എൻ എസ് കെ ഉമേഷിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. ബസ് നിരക്കിൽ വിദ്യാർഥികൾക്ക് ഇളവ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തണം. ബന്ധപ്പെട്ട അധികൃതർ സമയം രേഖപ്പെടുത്തിയ കൺസെഷൻ കാർഡുകൾ വിതരണം ചെയ്യണമെന്നും യോഗത്തിൽ നിർദേശിച്ചിരുന്നു.
രാവിലെ ആറ് മുതൽ വൈകിട്ട് ഏഴ് വരെയാണ് യാത്ര ഇളവ് അനുവദിക്കുക. വിദ്യാർഥികൾ വരിയായി നിന്ന് അച്ചടക്കത്തോടെ ബസുകളിൽ കയറണം. വാതിൽ അടച്ചതിന് ശേഷം മാത്രം ബെല്ല് അടിക്കുക. കൺസഷൻ നൽകുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കാൻ പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കണമെന്നും ബസ് ജീവനക്കാരിൽ നിന്നും വിദ്യാർഥികൾക്ക് എന്തെങ്കിലും തരത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും നിർദേശിച്ചു.
കലക്‌ടറുടെ ചേമ്പറിൽ നടന്ന യോഗത്തിൽ ആർ ടി ഒമാരായ ജി അനന്തകൃഷ്‌ണൻ, പി എം ഷബീർ, എസ് പി സ്വപ്‌ന, പൊലീസ് ഉദ്യോഗസ്ഥർ, കെ ബി ടി എ (കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ) പ്രതിനിധികൾ, കോളജ് അധികൃതർ, വിദ്യാർഥികൾ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തിരുന്നു.
ALSO READ :സ്‌കൂൾ പ്രവൃത്തി ദിനങ്ങളിലെ കുറവ്; 10 ദിവസത്തിനുള്ളിൽ വിശദീകരണം നൽകാൻ സർക്കാരിന് ഹൈക്കോടതിയുടെ ഉത്തരവ്