എറണാകുളം :ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താൻ വൈകുന്നതില്‍ അതൃപ്‌തി രേഖപ്പെടുത്തി ഹൈക്കോടതി. കേസില്‍ മറുപടി സമര്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ സമയം തേടി. 2023 - 24 പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തണമെന്നായിരുന്നു കോടതി നിര്‍ദേശം.
സ്വമേധയാ എടുത്ത കേസില്‍ കോടതി എന്‍ സി ഇ ആര്‍ ടിയേയും എസ് സി ഇ ആര്‍ ടിയേയും കക്ഷി ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം പോക്‌സോ കേസിലെ ജാമ്യം പരിഗണിക്കുന്നതിനിടെയാണ് പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തുന്നതിനായി കോടതി നിർദേശം ഉണ്ടായത്. സര്‍ക്കാരിനോട് വിഷയത്തിൽ മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.
also read :ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവത്‌കരണം സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം: ഹൈക്കോടതി
എന്നാല്‍ കേസില്‍ മറുപടി സമര്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ സമയം തേടുകയായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു കോടതി ഉത്തരവുണ്ടായത്. ആറ് മാസത്തിനുള്ളിൽ വിദഗ്‌ധ സമിതി രൂപീകരിച്ച് പാഠ്യപദ്ധതി തയ്യാറാക്കി 2023 -24 അധ്യയന വർഷത്തിൽ നടപ്പിലാക്കാനായിരുന്നു ഹൈക്കോടതി സി ബി എസ് ഇ യ്‌ക്കും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും നിർദേശം നൽകിയിരുന്നത്.
എറിൻസ് ലോ മാർഗരേഖയിൽ :രണ്ട് മാസത്തിനുള്ളിൽ വിദഗ്‌ധ സമിതി രൂപീകരിക്കാനാണ് നിർദേശിച്ചിരുന്നത്. ലൈംഗികാതിക്രമം തടയുന്നതിന്‍റെ ഭാഗമായി അമേരിക്കയിൽ നടപ്പിലാക്കിയ എറിൻസ് ലോ മാർഗരേഖയായി ഉപയോഗിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിദ്യാർഥികളുടെ പ്രായം അനുസരിച്ചാകണം പാഠ്യ പദ്ധതിയിൽ ലൈംഗികാതിക്രമം തടയുന്നതിനുള്ള വിഷയം ഉൾക്കൊള്ളിക്കേണ്ടതെന്നും കോടതി ഉത്തരവിൽ പറഞ്ഞിരുന്നു.
also read :9 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതിയ്‌ക്ക് വധശിക്ഷ, വാദം പൂർത്തിയാക്കിയത് 15 ദിവസം കൊണ്ട്
ലൈംഗിക ദുരുപയോഗം തടയാൻ ബോധവത്‌കരണം : ലൈംഗികാതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവത്‌കരണം പാഠഭാഗങ്ങളിൽ ഉൾപ്പെടുത്താൻ കോടതി നിർദേശിച്ചത്. ജസ്‌റ്റിസ് ബിച്ചു കുര്യൻ തോമസിന്‍റേതായിരുന്നു സുപ്രധാന ഉത്തരവ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയുടെ ജാമ്യ ഹർജി പരിഗണിക്കവെയാണ് കോടതി പാഠ്യ പദ്ധതിയിലെ ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് പരാമർശിച്ചത്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ കോടതി നേരത്തെ ആശങ്ക തന്നെ പ്രകടിപ്പിച്ചിരുന്നതാണ്.
അനിവാര്യമെന്ന് വനിത കമ്മിഷൻ : അതേസമയം കൗമാര ഗർഭധാരണം വർധിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന് വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവിയും അഭിപ്രായപ്പെട്ടിരുന്നു. പലരും ഈ ആശയത്തെ വികലമായാണ് കാണുന്നതെന്നും എന്നാൽ സ്വന്തം ശരീരത്തെ കുറിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അറിവ് നൽകുക മാത്രമാണ് ലൈംഗിക വിദ്യാഭ്യാസം കൊണ്ട് അർഥമാക്കുന്നതെന്നും വനിത കമ്മിഷൻ അധ്യക്ഷ വ്യക്തമാക്കിയിരുന്നു.
also read :അശ്ലീല വീഡിയോ കാണിച്ച് ബാലികയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 8 വർഷം തടവും 35,000 രൂപ പിഴയും