എറണാകുളം : പി വി അൻവർ എംഎൽഎയുടെയും കുടുംബത്തിന്‍റെയും മിച്ചഭൂമി തിരിച്ചുപിടിക്കാത്തതിൽ ഹൈക്കോടതി മുൻപാകെ നിരുപാധികം മാപ്പ് അപേക്ഷിച്ച് കണ്ണൂർ സോണൽ ലാന്‍ഡ് ബോർഡ് ചെയർമാൻ. ഭൂമി തിരിച്ചുപിടിക്കാനായി 3 മാസം കൂടി സമയം വേണമെന്നും ലാന്‍ഡ് ബോർഡ് ചെയർമാൻ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. സത്യവാങ്മൂലം രേഖപ്പെടുത്തി സമയം അനുവദിച്ച ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി ഒക്ടോബർ 18ലേക്ക് പരിഗണിക്കാനായി മാറ്റി.
മിച്ചഭൂമി തിരിച്ചുപിടിക്കാൻ കോടതിയുടെ രണ്ട് ഉത്തരവുകൾ ഉണ്ടായിട്ടും അവ നടപ്പിലാക്കാത്തതിൽ കോടതിയലക്ഷ്യ ഹർജിയിലെ നടപടികൾ മുന്നോട്ടുപോകവെയാണ് റവന്യൂ വകുപ്പിന്‍റെ നിരുപാധിക മാപ്പപേക്ഷ. നേരത്തെ ഉത്തരവുകൾ നടപ്പിലാക്കുന്നതിൽ സമയം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. കൂടാതെ സ്ഥലം മാറി വന്നയാളാണ് താൻ, ഭൂമി തിരിച്ചുപിടിക്കലിന്‍റെ ഭാഗമായുള്ള അന്വേഷണം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് മുൻ ചെയർമാൻ കഴിഞ്ഞ മാർച്ചിൽ നിർദേശം നൽകിയിരുന്നു. കേസ് ഈ മാസം 31ന് കേൾക്കുന്നുണ്ടെന്നും ലാന്‍ഡ് ബോർഡ് ചെയർമാന്‍റെ സത്യവാങ്മൂലത്തിൽ പറയുന്നു.
ആദ്യ ഉത്തരവ് 2020ൽ, രണ്ടാമത്തേത് 2022ൽ : പി വി അന്‍വര്‍ എംഎല്‍എയും കുടുംബവും കൈവശം വയ്ക്കുന്ന പരിധിയില്‍ കവിഞ്ഞ ഭൂമി അഞ്ച് മാസത്തിനകം തിരിച്ചുപിടിക്കണമെന്ന് കെ വി ഷാജി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഉത്തരവിട്ടിരുന്നു. 2022 ജനുവരി 13നായിരുന്നു ഹൈക്കോടതി രണ്ടാമത് ഉത്തരവിട്ടത്. എന്നാല്‍ എംഎല്‍എയായ അന്‍വറിന്‍റെ രാഷ്ട്രീയ സാമ്പത്തിക സ്വാധീനം കൊണ്ട് ഹൈക്കോടതി പറഞ്ഞ സമയപരിധി കഴിഞ്ഞ് ഒന്നര വര്‍ഷമാകാറായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പറഞ്ഞാണ് ഷാജി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതി ഉത്തരവ് നടപ്പാക്കേണ്ട 11 ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍മാരെയാണ് അടിക്കടി സ്ഥലം മാറ്റിയതെന്നും ഹർജിയില്‍ ആരോപിച്ചിട്ടുണ്ട്. അന്‍വറിന്‍റെയും കുടുംബത്തിന്‍റെയും പക്കലുള്ള മിച്ച ഭൂമി തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി 2020 മാര്‍ച്ച് 20നായിരുന്നു ആദ്യ ഉത്തരവിറക്കിയത്. അന്‍വറിന്‍റെ മിച്ച ഭൂമി തിരിച്ചുപിടിക്കാന്‍ രണ്ട് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ഹർജിക്കാരന്‍റെ ആരോപണം.