എറണാകുളം : കേരളത്തിന്‍റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച സ്വകാര്യ ബില്ലിൽ വിശദീകരണവുമായി എറണാകുളം എംപി ഹൈബി ഈഡൻ. താൻ നൽകിയ സ്വകാര്യ ബില്ലുമായി ബന്ധപ്പെട്ട് നടക്കുന്നത് അനാവശ്യ വിവാദങ്ങളാണ്. പാർലമെന്‍റിൽ അവതരിപ്പിക്കുന്നതിന് മുമ്പ് സ്വകാര്യ ബില്ല് ചോർന്ന് മാധ്യമങ്ങൾക്ക് ലഭിച്ചത് ദൂരൂഹമാണന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ബില്ല് നേരത്തെ നൽകിയതായിരുന്നു. പല സ്വകാര്യബില്ലുകളും പാർലമെന്‍റിൽ അവതരിപ്പിക്കാൻ അനുമതി ലഭിക്കാറില്ല. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ മറച്ചുവക്കാൻ ഈ സ്വകാര്യ ബില്ലിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി വിവാദമാക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
പാർട്ടി ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ ബില്ല് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിക്കും. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒരു നടപടിയും തന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും ഹൈബി ഈഡൻ പറഞ്ഞു. ഒരു പാട് നേതാകൾ ഇതുമായി ബന്ധപ്പെട്ട് വിമർശമുന്നയിച്ചിട്ടുണ്ട്. തന്നെ വിമർശിച്ചവർക്ക് ഇപ്പോൾ മറുപടി പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
താനുൾപ്പടെയുള്ള എംപിമാർ ഒരുപാട് സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ചിട്ടുണ്ട്. പബ്ലിസിറ്റി ആഗ്രഹിച്ചിട്ടല്ലെന്നും മറിച്ച് സദുദ്ദേശത്തോടെയാണ് ഈ ബില്ല് കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് ഏറ്റവും കൂടുതൽ റവന്യൂ വരുമാനം നൽകുന്ന കൊച്ചിയെന്ന പ്രദേശത്തിന് കൂടുതൽ പരിഗണന ലഭിക്കണം. ഒരു വിഷയം ചർച്ച ചെയ്യുന്നതിനുള്ള ജനാധി പത്യപരമായ അവകാശം എല്ലാർക്കുമുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾക്ക് ഇല്ലെന്നും ഹൈബി ഈഡൻ അറിയിച്ചു.
ബില്ല് ചോർന്നതിന്‍റെ പിന്നിൽ കേന്ദ്രം ഭരിക്കുന്ന ബിജെപിയും സിപിഎമ്മും തമ്മിലുളള കൂട്ടുകെട്ടാണെനും ഹൈബി ഈഡൻ ആരോപിച്ചു. തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച സ്വകാര്യ ബില്ലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഹൈബി ഈഡൻ നേരത്തെ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. വിദേശത്തായിരുന്ന അദ്ദേഹം കേരളത്തിൽ തിരിച്ചെത്തിയ ശേഷം നെടുമ്പാശ്ശേരി എയർ പോർട്ടിൽ വച്ചായിരുന്നു ഈ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.
കടുത്ത അതൃപ്‌തിയുമായി പ്രതിപക്ഷം : തലസ്ഥാനം മാറ്റണമെന്ന ആവശ്യത്തിൽ ഹൈബി ഈഡനെ പ്രതിപക്ഷവും തള്ളിയിരുന്നു. ഹൈബി ഈഡന്‍റേത് സ്വകാര്യ ബില്ലാണെന്നും അത് കോണ്‍ഗ്രസിന്‍റെ നിലപാട് അല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. പാർട്ടി നേതൃത്വവുമായി കൂടിയാലോചിക്കാതെ സ്വകാര്യ ബിൽ അവതരിപ്പിച്ചതിൽ ഹൈബി ഈഡനെ നേരിട്ട് ഫോണിൽ വിളിച്ച് അതൃപ്‌തി അറിയിച്ചതായും വി ഡി സതീശൻ പറഞ്ഞു.
ബില്ല് പിൻവലിക്കണമെന്ന് ഹൈബി ഈഡനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വി ഡി സതീശൻ അറിയിച്ചു. ഹൈബി ഈഡൻ പാർട്ടിയോട് ചോദിക്കാതെ ബില്ല് അവതരിപ്പിച്ചത് തെറ്റാണെന്നായിരുന്നു വിഷയത്തിൽ കെ മുരളീധരൻ എംപിയുടെയും പ്രതികരണം. എല്ലാ എംപിമാരും അവരുടെ മണ്ഡലങ്ങളിലേക്ക് തലസ്ഥാനം ആവശ്യപെട്ടാൽ എന്താകും സ്ഥിതിയെന്നും കെ മുരളീധരൻ ചോദിച്ചു.
വിഷയത്തിൽ ഹൈബി ഈഡൻ രാഷ്ട്രീയ ബുദ്ധി കാട്ടിയില്ല എന്നായിരുന്നു ശശി തരൂർ എംപിയുടെ പ്രതികരണം. സ്വകാര്യ ബില്ലിൽ കേന്ദ്രം നിലപാട് തേടിയതിൽ കൗശലമുണ്ടെന്നും ഏത് അംഗത്തിനും സ്വകാര്യ ബിൽ അവതരിപ്പിക്കാമെന്നും കോൺഗ്രസിൽ ഇത്തരമൊരു ചർച്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Also read :'ഹൈബി എറണാകുളത്ത് തന്നെ മത്സരിക്കുമെന്ന് ഉറപ്പായി'; തലസ്ഥാനമാറ്റ വിഷയത്തിൽ പരിഹസിച്ച് പി രാജീവ്