കേരളം

kerala

ETV Bharat / state

ഇനി പിൻസീറ്റുകാർക്കും ഹെൽമറ്റ് നിർബന്ധം; വിജ്ഞാപനം ഉടൻ പുറത്തിറക്കും

ഹെൽമറ്റ് നിർബന്ധമാക്കിയത് സംബന്ധിച്ച് ഉടൻ തന്നെ വിജ്ഞാപനം പുറത്തിറക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

ഇനി പിൻസീറ്റുകാർക്കും ഹെൽമറ്റ് നിർബന്ധം; വിജ്ഞാപനം ഉടൻ പുറത്തിറക്കും

By

Published : Nov 19, 2019, 7:00 PM IST

കൊച്ചി:ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കി ഹൈക്കോടതി. ഇത് സംബന്ധിച്ച് ഉടൻതന്നെ വിജ്ഞാപനം പുറത്തിറക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര മോട്ടോർ വാഹന നിയമത്തിന് വിരുദ്ധമായി പിൻസീറ്റ് യാത്രക്കാർക്ക് ഭേദഗതിയിലൂടെ ഇളവു നൽകാൻ സംസ്ഥാനത്തിന് അധികാരമില്ലെന്നും കേന്ദ്ര നിയമം നടപ്പാക്കാൻ സംസ്ഥാനത്തിന് ബാധ്യതയുണ്ടെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉടൻതന്നെ വിജ്ഞാപനമിറക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചത്.

നാല് വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഹെൽമറ്റ് നിർബന്ധമാക്കി കൊണ്ടുള്ള കേന്ദ്രനിയമം കേരളത്തിലും നടപ്പാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. കേന്ദ്രസർക്കാർ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയിരുന്നു. ഈ നിയമം പ്രാബല്യത്തിൽ ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്ത് ഇത് കർശനമായി നടപ്പാക്കിയിരുന്നില്ല. പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ് ധരിക്കുന്നതിൽ ഉണ്ടായിരുന്ന ഇളവുകൾ ഇനി തുടരാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

വിജ്ഞാപനം പുറത്തിറക്കുന്നത് സംബന്ധിച്ച് മാധ്യമങ്ങളിലും സിനിമ തീയേറ്ററുകളിലും പരസ്യപ്പെടുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. പിൻസീറ്റിൽ ഹെൽമറ്റ് വേണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിന് അപ്പീൽ സമർപ്പിക്കുകയായിരുന്നു. എന്നാൽ ഡിവിഷൻ ബെഞ്ച് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതോടെ സർക്കാർ സമർപ്പിച്ച അപ്പീൽ പിൻവലിക്കുകയായിരുന്നു. കേന്ദ്ര നിയമത്തിനെതിരെ ഭേദഗതി കൊണ്ടുവരാൻ സർക്കാരിന് അവകാശമില്ലെന്നും ഇത് തിരുത്തണമെന്നും ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details