എറണാകുളം:ഹെലികോപ്റ്റർ ഓടിക്കുന്ന സാന്താക്ലോസുമായി ക്രിസ്മസിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് കോതമംഗലം കുത്തുകുഴി സ്വദേശി ഇടയ്ക്കാട്ട് സിജോ ജോർജ്. ഏഴടി പൊക്കവും, അഞ്ച് മീറ്റർ നീളവുമുള്ള ഹെലികോപ്റ്ററിന്‍റെ ഫ്രെയിം ഈറ്റ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കയറിന് പകരം ഒട്ടുപാൽ ആണ് ഫ്രെയിമുകൾ ബന്ധിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഹെലികോപ്റ്ററിലെ പങ്കകൾ കറങ്ങാനും, സാന്താക്ലോസിന്‍റെ കഴുത്തും, കൈയും ചലിപ്പിക്കാനും നാല് മോട്ടോറുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. കാർഡ് ബോർഡും, വെള്ളപേപ്പറും ഉപയോഗിച്ചാണ് ഹെലികോപ്റ്ററിന്‍റെ മുകള്‍ ഭാഗം നിർമിച്ചിരിക്കുന്നത്.
ഹെലികോപ്റ്റർ ഓടിക്കുന്ന സാന്താക്ലോസ് ; വ്യത്യസ്തമായ സാന്താക്ലോസുമായി കോതമംഗലം സ്വദേശി
ഏറെ പുതുമകൾ ഉള്ള സാന്താക്ലോസിനെ നിർമിച്ചാണ് കോതമംഗലം സ്വദേശിയായ യുവാവ് ഇക്കൊല്ലം ക്രിസ്മസിനെ വരവേൽക്കുന്നത്. മുൻ വർഷങ്ങളിലും വ്യത്യസ്തങ്ങളാർന്ന സാന്താക്ലോസുകൾ നിർമ്മിച്ച് ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.
ഹെലികോപ്റ്റർ ചലിപ്പിക്കുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്ന സാന്താക്ലോസ് ഒറിജിനലിനെ വെല്ലും. മുൻവർഷങ്ങളിൽ കുതിരപ്പുറത്തും, സൈക്കിളിലും സവാരി ചെയ്യുന്ന സാന്താക്ലോസിനെ നിർമ്മിച്ച സിജോ കൂടുതൽ വ്യത്യസ്തത പുലർത്താനാണ് ഇക്കൊല്ലം പൈലറ്റ് സാന്താക്ലോസുമായി രംഗത്തുവന്നത്. സിജോയുടെ സാന്താക്ലോസിനെ കാണാൻ നിരവധി പേരാണ് എത്തുന്നത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആഘോഷങ്ങളിലൊന്നായ ക്രിസ്മസിനെ വരവേൽക്കാൻ എന്തെങ്കിലും പുതുമ വേണം എന്ന ആഗ്രഹമാണ് ഇത്തരത്തിലൊരു സാന്താക്ലോസിനെ ഉണ്ടാക്കാൻ പ്രേരണയായതെന്ന് സിജോ പറയുന്നു .