ജില്ല കലക്‌ടര്‍ എൻ.എസ്. കെ ഉമേഷ് എറണാകുളം :കനത്ത മഴ സാധ്യതാ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്‌ച (ജൂലൈ 5) അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയില്‍ ജാഗ്രതാ മുന്നറിയിപ്പ് കണക്കിലെടുത്താണ് ജില്ല കലക്‌ടര്‍ എൻ.എസ്. കെ ഉമേഷ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
ജില്ലയിൽ നാളെയും (ജൂലൈ 5) ഓറഞ്ച് അലർട്ടാണുള്ളത്. ജില്ലയിലെ നഗര, മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും മഴ ശക്തമായി തുടരുകയാണ്. വിദ്യാലയങ്ങൾക്ക് സമീപം അപകടകരമാം വിധമുള്ള മരങ്ങളും മരക്കൊമ്പുകളും അടിയന്തരമായി മുറിച്ച് മാറ്റാൻ ജില്ല കലക്‌ടര്‍ നിർദേശം നൽകി.
കനത്ത മഴയെ തുടർന്ന് മരങ്ങൾ വീണ് അപകടമുണ്ടാകുന്ന സാഹചര്യത്തിലാണ് നടപടി. ജില്ല വിദ്യാഭ്യാസ ഓഫിസർ, അസിസ്റ്റന്‍റ് എജ്യുക്കേഷണൽ ഓഫിസർ എന്നിവർ അവരവരുടെ പരിധിയിലുള്ള സ്‌കൂളുകളിൽ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണം. അതത് തദ്ദേശ സ്ഥാപനങ്ങൾ മരങ്ങൾ മുറിച്ചുനീക്കുന്നതിനുള്ള നടപടി സ്വീകരിക്കണം.
സ്‌കൂളുകള്‍ക്ക് അപകട ഭീഷണി ഉയർത്തുന്ന സമീപത്തെ സ്വകാര്യ വ്യക്തിയുടെ മരങ്ങളും മുറിക്കാൻ നടപടി സ്വീകരിക്കണം. ഇത്തരത്തിൽ പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങളുണ്ടെങ്കിൽ ഉടൻ ജില്ല ദുരന്ത നിവാരണ അതോറിറ്റിയെ അറിയിക്കണം.
സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കണമെന്നും കലക്‌ടര്‍ നിര്‍ദേശിച്ചു.
സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പാക്കാനും നടപടിയെടുക്കണം. സ്‌കൂളുകളിൽ ഫയർ ഓഡിറ്റ് നടത്തണം. സർക്കാർ സ്‌കൂളുകൾ കൂടാതെ സിബിഎസ്ഇ, ഐസിഎസ്‌സി സ്വകാര്യ സ്‌കൂളുകളിലും സുരക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കണം. പ്രധാന അധ്യാപകരുടെ യോഗം ചേർന്ന് സുരക്ഷ ഉറപ്പ് വരുത്തണം. അപകടകരമായ മരങ്ങള്‍ സംബന്ധിച്ച് ഓരോ സ്‌കൂളും അടിയന്തരമായി റിപ്പോർട്ട് നൽകാനും കലക്‌ടര്‍ നിർദേശിച്ചു.
ദുരന്ത സാധ്യതകളെ നേരിടാന്‍ ഉസ്‌കൂള്‍ (Uschool) ആപ്പ്:സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സ്‌കൂളുകളിൽ ആരംഭിക്കുന്ന ഉസ്‌കൂള്‍ (Uschool) ആപ്പ് കലക്‌ടറുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ അവതരിപ്പിച്ചു. സ്‌കൂൾ ദുരന്ത നിവാരണ പദ്ധതി തയ്യാറാകുന്നതിനാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഓരോ സ്‌കൂളിന്‍റെയും അപകട സാധ്യത, വിഭവശേഷി, ദുരന്ത നിവാരണ സമിതിയുടെ വിവരങ്ങൾ തുടങ്ങിയ സമഗ്ര വിവരങ്ങൾ ആപ്പിൽ ലഭിക്കും.
സ്‌കൂളുകളിൽ ദുരന്ത നിവാരണ സമിതിയുടെ പ്രവർത്തനവും കാര്യക്ഷമമാക്കും.
അതേ സമയം ജില്ലയിൽ 58 സ്‌കൂളുകളിൽ ജില്ല പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ദുരന്ത നിവാരണ സെല്ലുകൾ ആരംഭിച്ചു. എല്ലാ സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ദുരന്തങ്ങള്‍ പ്രതിരോധിക്കാനുള്ള പരിശീലനം കുട്ടികൾക്ക് സെൽ വഴി നൽകും.
ഓരോ സ്‌കൂളിലും 25 കുട്ടികളുടെ ഗ്രൂപ്പ് ഉണ്ടാക്കി പരിശീലനം നൽകും. ഇവർ മറ്റ് കുട്ടികളെയും പരിശീലിപ്പിക്കും. ദുരന്തങ്ങളും ദുരന്ത സാധ്യതകളും നേരിടുന്നതിന് സജ്ജരായ തലമുറയെ വാർത്തെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വിദ്യാവാഹിനി ആപ്പ് : മോട്ടോർ വാഹന വകുപ്പിന്‍റെ വിദ്യാവാഹിനി ആപ്പിൽ രജിസ്റ്റർ ചെയ്‌താല്‍ കുട്ടികളുടെ സ്‌കൂള്‍ വാഹനങ്ങളുടെ യാത്ര മാതാപിതാക്കൾക്ക് നിരീക്ഷിക്കാനാകും. ഈ സംവിധാനം കൂടുതൽ സ്‌കൂളുകള്‍ പ്രയോജനപ്പെടുത്തണമെന്ന് മോട്ടോർ വാഹന വകുപ്പ് നിർദേശിച്ചു. ട്രാൻസ്ഫോർമറുകൾക്ക് ഫെൻസിങ് ഏർപ്പെടുത്താന്‍ കെഎസ്ഇബിക്ക് നിർദേശം നൽകും. ബസുകളിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കും. സ്‌കൂളുകളിൽ ജില്ലാതല ഉപദേശക സമിതി രൂപീകരിക്കാനും തീരുമാനിച്ചു.