കൊച്ചി: അടിയന്തരഘട്ടങ്ങളില്‍ തലച്ചോറിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തപ്രവാഹത്തെ നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന ജീവന്‍രക്ഷാ മാര്‍ഗത്തിനുള്ള (സിപിആര്‍) കൂട്ടപരിശീലനവുമായി 'ഹാര്‍ട്ട് ബീറ്റ്‌സ്' പരിപാടി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ കൊച്ചി ഘടകവും എറണാകുളം ജില്ലാ ഭരണകൂടവും ഏഞ്ചല്‍സ് ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷനും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും സംയുക്തമായാണ് 'ഹാര്‍ട്ട് ബീറ്റ്‌സ്' പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് രാവിലെ ഒമ്പതിന് ആരംഭിച്ച പരിശീലന പരിപാടി എട്ട് മണിക്കൂറോളം നീണ്ടുനില്‍ക്കും.
ഗിന്നസ്ബുക്ക് ലക്ഷ്യം വെച്ച് 'ഹാര്‍ട്ട് ബീറ്റ്‌സ്' - സിയാല്‍ കണ്‍വന്‍ഷന്‍ സെന്‍റര്‍
സിപിആര്‍(കാര്‍ഡിയോപള്‍മൊണറി റെസസിറ്റേഷന്‍) കൂട്ട പരിശീലന പരിപാടിയാണ് 'ഹാര്‍ട്ട് ബീറ്റ്‌സ്'. ഇന്ന് രാവിലെ ഒമ്പതിന് ആരംഭിച്ച പരിശീലന പരിപാടി എട്ട് മണിക്കൂറോളം നീണ്ടുനില്‍ക്കും.
ജില്ലയിലെ 350 സ്‌കൂളുകളില്‍ നിന്നും ഒമ്പത് മുതല്‍ 12 വരെ ക്ലാസുകളിലെ 35,000 കുട്ടികള്‍ പങ്കെടുക്കുന്ന പരിപാടി വിലയിരുത്തുന്നതിനായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ്, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ്‌സ് അധികൃതരുമുണ്ടാകുമെന്ന് കലക്‌ടര്‍ എസ്.സുഹാസ്, ഐഎംഎ കൊച്ചി ഘടകം പ്രസിഡന്‍റ് ഡോ.രാജീവ് ജയദേവന്‍ എന്നിവര്‍ അറിയിച്ചു. സിപിആറില്‍ (കാര്‍ഡിയോപള്‍മൊണറി റെസസിറ്റേഷന്‍) ഇത്തരത്തിലുള്ള കൂട്ട പരിശീലനം ലോകത്ത് തന്നെ അപൂര്‍വമാണ്. 2016 ഏപ്രില്‍ ഏഴിന് ചെന്നൈയില്‍ സവിത യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച പരിശീലന യത്‌നത്തില്‍ എട്ട് മണിക്കൂര്‍ എട്ട് മിനിറ്റില്‍ 28,015 പേര്‍ക്ക് സിപിആര്‍ പരിശീലനം നല്‍കിയിരുന്നു. നിലവില്‍ ഈയിനത്തിലുള്ള ലോക റെക്കോര്‍ഡിനെ മറികടക്കാനാണ് 'ഹാര്‍ട്ട്ബീറ്റ്‌സ്' സംഘാടകരുടെ ശ്രമം. ഇതുവഴി പെട്ടെന്നുള്ള ഹൃദയാഘാതം മൂലമുള്ള മരണങ്ങള്‍ ഒരുപരിധി വരെ ഒഴിവാക്കാനാകും. നെഞ്ചില്‍ തുടര്‍ച്ചയായി ശക്തിയായി അമര്‍ത്തിക്കൊണ്ടുള്ള കൈ കൊണ്ടുള്ള സിപിആര്‍ രീതി കഴിയുന്നത്ര പേരിലേക്ക് എത്തിക്കുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം.
അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍റെ പരിശീലനം ലഭിച്ച വിദഗ്‌ധരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. വിദ്യാര്‍ഥികളെ വിവിധ ബാച്ചുകളായി തിരിച്ച് പ്രത്യേകം സമയം ക്രമീകരിച്ചാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. സ്റ്റേറ്റ് ബോര്‍ഡ്, സിബിഎസ്ഇ, ഐസിഎസ്ഇ വിഭാഗത്തില്‍പ്പെടുന്ന സ്‌കൂളുകളെല്ലാം തന്നെ ഹാര്‍ട്ട്ബീറ്റ്‌സുമായി കൈകോര്‍ക്കുന്നുണ്ട്. ജസ്റ്റിസ് സി.കെ.അബ്‌ദുല്‍ റഹിം ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങിൽ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനും ജില്ലാ-സെഷന്‍സ് ജഡ്‌ജിയുമായ ഡോ. കൗസര്‍ എടപ്പാഗത്ത് അധ്യക്ഷത വഹിക്കും. ഡോ.ജുനൈദ് റഹ്മാന്‍ പദ്ധതിയുടെ ആശയാവതരണം നടത്തും.