എറണാകുളം: പറവൂരിലെ ഭക്ഷ്യവിഷബാധക്ക് കാരണം സാൽമോണല്ല എന്‍റെറൈറ്റിഡിസ് എന്ന ബാക്‌ടീരിയ ഉണ്ടാക്കുന്ന സാൽമോണെല്ലോസിസ് മൂലമാണെന്ന് ആരോഗ്യ വകുപ്പ് നടത്തിയ സാമ്പിൾ പരിശോധനയിൽ സ്ഥിരീകരിച്ചു. പറവൂരിൽ ഇതുവരെ 106 പേര്‍ക്കാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്‌തത്. ജനുവരി 16നാണ് പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്‌തത്.
മയോണൈസ്, അൽഫാം, മന്തി, പെരി പെരിമന്തി, മിക്‌സഡ് ഫ്രൈഡ് റൈസ് എന്നിവ കഴിച്ചവരിലാണ് ഭക്ഷ്യ വിഷബാധ സ്ഥിരീകരിച്ചത്. മയോണൈസ് കഴിച്ചവരിലാണ് കൂടുതലും രോഗബാധ ഉണ്ടായിട്ടുള്ളത്. ഭക്ഷണം കഴിച്ച് 5-6 മണിക്കൂറിനു ശേഷമാണ് മിക്കവരിലും പനി, ഛർദ്ദി, വയറു വേദന, വയറിളക്കം, തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമായത്.