നിപ ഭീതി അകലുന്നു; വിദ്യാർഥിയുടെ ആരോഗ്യനില മെച്ചപ്പെട്ടു - നിപ സ്ഥിരീകരിച്ച വിദ്യാർഥിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു
വിദ്യാർഥി പരസഹായമില്ലാതെ നടക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു.എറണാകുളം മെഡിക്കൽ കോളേജിൽ ഇന്നലെ പുതുതായി പ്രവേശിപ്പിച്ച ഒരു രോഗിയുടേതടക്കം അഞ്ചു സാമ്പിളുകളുടെയും ഫലം നെഗറ്റീവാണെന്നും കള്കടർ അറിയിച്ചു. വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമവും തുടരുന്നു

എറണാകുളം: സംസ്ഥാനത്ത് നിപ ഭീതി അകലുന്നു. നിപ സ്ഥിരീകരിച്ച വിദ്യാർഥിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടതായി എറണാകുളം ജില്ലാ കലക്ടർ അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറായി വിദ്യാർഥിക്ക് പനിയില്ല. പരസഹായമില്ലാതെ നടക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. നന്നായി ഉറങ്ങാനും കഴിയുന്നുണ്ട്. അതേസമയം മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡിലുള്ള ഏഴ് രോഗികളുടെയും പരിശോധന ഫലം നെഗറ്റീവാണ്. മറ്റു ചികിത്സകൾ തുടരുന്നതിന് ഇവരിൽ ഒരാളെ വാർഡിലേക്കും മറ്റൊരാളെ ഐസിയുവിലേക്കും മാറ്റി.
എറണാകുളം മെഡിക്കൽ കോളജിൽ ഇന്നലെ പുതുതായി പ്രവേശിപ്പിച്ച ഒരു രോഗിയുടേതടക്കം ഇന്നലെ പരിശോധിച്ച അഞ്ചു സാമ്പിളുകളുടെയും ഫലം നെഗറ്റീവാണെന്നും കലക്ടർ അറിയിച്ചു. ഇനി 10 സാമ്പിളുകൾ കൂടി പരിശോധിക്കും.
നിപ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ ഇപ്പോഴും നിരീക്ഷിച്ച് വരികയാണ്. ഈ പട്ടികയിലുള്ള 329 പേരിൽ ആലപ്പുഴ സ്വദേശിയെ പനി കണ്ടതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്കു മാറ്റി. മറ്റുള്ളവരുടെ ആരോഗ്യനില സ്റ്റേബിളായി തുടരുന്നതായും കലക്ടർ അറിയിച്ചു. എങ്കിലും ഇവരെ 21 ദിവസം നിരീക്ഷിക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം.
നിലവിൽ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നുള്ള സംഘം ആലുവ പാലസിൽ നിന്ന് 45 വവ്വാലുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു. നാളെ പറവൂർ മേഖലയിൽ നിന്നും കൂടുതൽ വവ്വാലിന്‍റെ സാംപിളുകൾ ശേഖരിക്കും.