എറണാകുളം: ലൈംഗികാതിക്രമങ്ങൾ തടയാൻ സ്‌കൂൾ തലം മുതൽ നടപടികൾ വേണമെന്ന് ഹൈക്കോടതി. സ്‌കൂളുകളിലും കോളജുകളിലും ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നുവെന്ന് വിലയിരുത്തിയാണ് വിദ്യാഭ്യാസ സമ്പ്രദായത്തിൽ സമൂല പരിഷ്‌കാരം വരുത്തണമെന്ന ഹൈക്കോടതി ഉത്തരവ്. ലൈംഗികാതിക്രമങ്ങൾ തടയുന്നതിന്‍റെ ഭാഗമായി പ്രാഥമിക വിദ്യാഭ്യാസ തലത്തിൽ തന്നെ മാന്യ പെരുമാറ്റം സംബന്ധിച്ചുള്ള പാഠങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി മൂല്യവർധിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
തൊഴിലവസരങ്ങൾക്കും അക്കാദമിക മികവിനും പ്രാധാന്യം കൊടുക്കുന്നതാണ് നിലവിലെ വിദ്യാഭ്യാസ സമ്പ്രദായമെന്നും ഇത്തരം രീതി മാറേണ്ടതാണെന്നും കോടതി വിലയിരുത്തി. ലിംഗ വിവേചനം തെറ്റാണ്. യഥാർഥ പുരുഷൻ ഒരിക്കലും സ്‌ത്രീയെ ഭീഷണിപ്പെടുത്തുന്നവനല്ല, ദുർബലനായ പുരുഷന്മാരാണ് സ്‌ത്രീകളെ ആക്രമിക്കാൻ മുതിരുന്നത്.