എറണാകുളം : താനൂർ ബോട്ട് അപകടവുമായി ബന്ധപ്പെട്ട കേസിൽ മാരിടൈം ബോർഡ് ചീഫ് സർവേയർ നൽകിയ ജാമ്യാപേക്ഷയിൽ സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി. ചീഫ് സർവേയർ സെബാസ്റ്റ്യൻ ജോസഫാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ബോട്ടിന് സർവെ സർട്ടിഫിക്കറ്റ് നൽകിയതിൽ നടപടി ക്രമങ്ങൾ ലംഘിച്ചിട്ടില്ലെന്നും മാധ്യമങ്ങളുടെ വായ അടപ്പിക്കാനായിരുന്നു തന്‍റെ അറസ്റ്റെന്നും അദ്ദേഹം ഹര്‍ജിയില്‍ പറയുന്നു.
കഴിഞ്ഞ 17 ദിവസമായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്. അന്വേഷണവുമായി സഹകരിച്ചുവെന്നും ജാമ്യം നൽകണമെന്നുമാണ് ഹർജിക്കാരന്‍റെ ആവശ്യം. നേരത്തെ മഞ്ചേരി സെഷൻസ് കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
മെയ് 7 നാണ് താനൂരില്‍ ബോട്ട് അപകടമുണ്ടായത്. അപകടത്തിൽ കുട്ടികൾ ഉൾപ്പടെ 22 പേർ മരിച്ചു. പരമാവധി ശേഷിയേക്കാൾ ആളുകളെ കയറ്റിയതാണ് ബോട്ട് മറിഞ്ഞ് അപകടമുണ്ടാകാൻ കാരണമായത്. ബോട്ടിന് സർവെ സർട്ടിഫിക്കറ്റ് നൽകിയതില്‍ അടക്കം നിയമ ലംഘനമുണ്ടായിയെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു.
കേരളത്തെ ഞെട്ടിച്ച ബോട്ട് ദുരന്തം : മെയ് 7ന് വൈകിട്ടാണ് താനൂര്‍ കേട്ടുങ്ങലില്‍ വിനോദ യാത്ര സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. പരപ്പനങ്ങാടി താനൂര്‍ നഗരസഭ അതിര്‍ത്തിയിലെ പൂരപ്പുഴയുടെ ഒട്ടുംപുറം തൂവല്‍ തീരത്താണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. പിഞ്ച് കുഞ്ഞുള്‍പ്പടെ 22 പേരാണ് അപകടത്തില്‍ മരിച്ചത്. പൂരപ്പുഴ അറബി കടലിനോട് ചേരുന്ന ഭാഗത്തായിരുന്നു അപകടം.
പ്രതിഷേധവുമായി നാട്ടുകാര്‍ : ബോട്ട് അപകടത്തിന്പിന്നാലെ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നു. നിയമപരമായ രേഖകളില്ലാതെയാണ് ബോട്ട് സര്‍വീസ് നടത്തിയിരുന്നതെന്നും മത്സ്യ ബന്ധന ബോട്ട് മോഡിഫൈ ചെയ്‌ത് വിനോദ സഞ്ചാരികളെ കൊണ്ടുപോവുകയായിരുന്നുവെന്നും നാട്ടുകാര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ബോട്ടിന്‍റെ നിര്‍മാണത്തില്‍ അടക്കം വീഴ്‌ചകളുണ്ടായിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു.