എറണാകുളം :സംസ്ഥാനത്ത് എത്തുന്ന അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ ഫലപ്രദമായി നടപ്പാക്കുന്നതിൽ പരാജയപ്പെട്ടെന്ന് ചൂണ്ടികാട്ടിയുള്ള പൊതു താത്‌പര്യ ഹര്‍ജിയില്‍ സര്‍ക്കാറിന്‍റെ വിശദീകരണം തേടി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഇതുസംബന്ധിച്ച് സര്‍ക്കാറിന് നോട്ടിസ് അയച്ചു. ആലുവയില്‍ അഞ്ച് വയസുകാരിയെ ബിഹാര്‍ സ്വദേശി ക്രൂരമായി കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെത്തുന്ന അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന്‍ കൃത്യമായി നടത്തണമെന്ന് ആവശ്യപ്പെട്ട് പൊതു താത്‌പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
ആലുവ അതിവേഗ പ്രത്യേക കോടതി അഭിഭാഷകനായ വി ടി സതീഷാണ് അഡ്വ വി സജിത് കുമാർ മുഖേന ഹൈക്കോടതിയെ സമീപിച്ചത്. അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷനും മറ്റ് വിവരങ്ങളും ശേഖരിക്കുന്നതിലും സർക്കാർ പരാജയമാണെന്ന് വി ടി സതീഷ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പീഡനത്തിരയായവരുടെ പുനരധിവാസം സംബന്ധിച്ച 2001ലെ സ്‌കീം പരിഷ്‌കരിക്കണമെന്നും ഇതിനായി സർക്കാരിന് നിർദേശം നൽകണമെന്നും അദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
നിയമ സംവിധാനങ്ങളെ കുറിച്ച് കുടിയേറ്റ തൊഴിലാളികൾക്കിടയിൽ ബോധവത്കരണം നടത്തണം. ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് നഷ്‌ടപരിഹാരമായി 25 ലക്ഷം അനുവദിക്കാനും കുടുംബത്തിന്‍റെ പുനരധിവാസമുറപ്പാക്കുവാനും സർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഹർജി ഹൈക്കോടതി പിന്നീട് വീണ്ടും പരിഗണിക്കും.
രജിസ്‌ട്രേഷന്‍ നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി : സംസ്ഥാനത്ത് എത്തുന്ന അതിഥി തൊഴിലാളികളെ രജിസ്ട്രേഷന് വിധേയമാക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് ആവശ്യമായ നിയമം കൊണ്ടുവരുന്നതിനുള്ള കാര്യങ്ങള്‍ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും നിരവധി തൊഴിലാളികളാണ് കേരളത്തിലേക്ക് എത്തുന്നത്.
കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ ഭൂരിപക്ഷവും അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടുന്നതാണ് എന്നത് കൊണ്ടാണ് രജിസ്ട്രേഷന്‍ നടപടിയെ കുറിച്ച് തീരുമാനമെടുക്കാന്‍ കാരണം. ആവാസ് ഇന്‍ഷുറന്‍സ് കാര്‍ഡ് അതിഥി തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അഞ്ച് ലക്ഷത്തിലധികം പേര്‍ ഇത് വഴി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയെന്നും മന്ത്രി അറിയിച്ചിരുന്നു. ഇതിന് പുറമെ സംസ്ഥാനത്ത് എത്തുന്ന ഓരോ തൊഴിലാളികള്‍ക്കും അവരുടെ സംസ്ഥാനങ്ങളിലെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വാര്‍ത്ത കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.
നൊമ്പരമായി അഞ്ച് വയസുകാരി :ഇക്കഴിഞ്ഞ 28നാണ് ആലുവയില്‍ ക്രൂര പീഡനത്തിനിരയായ അഞ്ച് വയസുകാരി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബിഹാര്‍ സ്വദേശിയായ അസ്‌ഫാക്ക് ആലം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. വൈകുന്നേരം ആലുവയിലെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. സംഭവത്തിന് പിന്നാലെ കുടുംബം ആലുവ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ ബിഹാര്‍ സ്വദേശി കുട്ടിയെ കൂട്ടിക്കൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്. ദൃശ്യങ്ങളില്‍ കണ്ടെത്തിയ ഇയാളെ പൊലീസ് ഉടന്‍ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുമ്പോഴാണ് ആലുവ മാര്‍ക്കറ്റിന് സമീപത്ത് നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മാര്‍ക്കറ്റിന് പിന്‍വശത്തുള്ള ഒഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ട് പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
Also Read:Aluva Murder case | 5 വയസുകാരിയുടെ കൊലപാതകം; 'പ്രതിക്കെതിരെ വേഗത്തില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കും' : ഡിഐജി