എറണാകുളം: വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. അതിനായി സാധ്യമാകുന്നതെല്ലാം ചെയ്യണമെന്നും നിര്‍ദേശം. വിഴിഞ്ഞം തുറമുഖ നിർമാണ പ്രദേശത്ത് പൊലീസ് സുരക്ഷയൊരുക്കണമെന്ന ഇടക്കാല ഉത്തരവ് നടപ്പാക്കാത്തതിനെതിരെ അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കവെ കഴിഞ്ഞ ദിവസം നടന്ന സംഘർഷം സംബന്ധിച്ച വിവരങ്ങൾ ഹർജിക്കാർ കോടതിയെ ധരിപ്പിച്ചു.
സമരക്കാർ നിയമം കൈയിലെടുക്കുന്ന സാഹചര്യം പ്രദേശത്ത് ഗുരുതരമായ ക്രമസമാധാന പ്രശ്‌നമാണ്. കോടതി ഉത്തരവിന് പുല്ലുവില കൽപ്പിക്കുന്നു. സംഘർഷത്തിൽ നിരവധി പൊലീസുകാർ ആശുപത്രിയിലായെന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു. പൊതുമുതൽ നശിപ്പിക്കപ്പെട്ടതായും സംഘർഷം അർധരാത്രിയിലും തുടർന്നുവെന്നും ഹർജിക്കാർ അറിയിച്ചിട്ടുണ്ട്. നിലവിൽ പ്രദേശത്ത് 500ഓളം പൊലീസുകാരുണ്ടെന്നും സംഘർഷത്തിൽ 40 പൊലീസുകാർക്ക് പരിക്ക് പറ്റിയതായുമാണ് സർക്കാർ വ്യക്തമാക്കിയത്. മാത്രവുമല്ല പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുകയാണ്.