എറണാകുളം : നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്‍റെയും കുടുംബത്തിന്‍റെയും കൈവശമുള്ള മിച്ച ഭൂമി പിടിച്ചെടുത്ത് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാറിന് കര്‍ശന നിര്‍ദേശം നല്‍കി ഹൈക്കോടതി. ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് എംഎല്‍എ കൈവശംവച്ചിരിക്കുന്ന ഭൂമി ഉടന്‍ തിരിച്ചുപിടിക്കാനാണ് നിര്‍ദേശം. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 10 ദിവസം സാവകാശം വേണമെന്ന സർക്കാർ ആവശ്യം കോടതി തളളി.
കേസില്‍ അടുത്ത ചൊവ്വാഴ്‌ച സത്യവാങ്മൂലം സമര്‍പ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ടുള്ള കോടതിയലക്ഷ്യ കേസ് പരിഗണിക്കവേയാണ് നിര്‍ദേശം. കേസില്‍ നടപടിയില്ലാത്ത സാഹചര്യത്തില്‍ നേരത്തെ ഹൈക്കോടതി സര്‍ക്കാറിനോട് വിശദീകരണം തേടിയിരുന്നു.
പിവി അന്‍വറിന്‍റെ കൈവശമുള്ള മിച്ച ഭൂമി തിരിച്ചുപിടിക്കണമെന്ന് നേരത്തേ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശിയും വിവരാവകാശ പ്രവര്‍ത്തകനുമായ കെ വി ഷാജി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി 2022 ജനുവരി 13ന് പരിഗണിച്ചപ്പോഴാണ് അഞ്ച് മാസത്തിനകം തിരിച്ചുപിടിക്കണമെന്ന് ഉത്തരവിട്ടത്. എന്നാല്‍ കോടതി ആവശ്യപ്പെട്ട സമയ പരിധി കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ യാതൊരുവിധ നടപടിയും ഉണ്ടായില്ല.
എംഎല്‍എയുടെ രാഷ്‌ട്രീയ സ്വാധീനം കൊണ്ട് നടപടി മനപ്പൂര്‍വം നീട്ടിക്കൊണ്ടുപോവുകയാണെന്നും ഉത്തരവുണ്ടായി ഒരു വര്‍ഷമായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഷാജി വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കേണ്ട 11 ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍മാരെ അടിക്കടി സ്ഥലം മാറ്റിയെന്നും ഹർജിയില്‍ കെവി ഷാജി ആരോപിച്ചു.
അന്‍വറിന്‍റെയും കുടുംബത്തിന്‍റെയും പക്കലുള്ള മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി 2020 മാര്‍ച്ച് 20നാണ് ആദ്യ ഉത്തരവിറക്കിയത്. ഭൂമി തിരിച്ചുപിടിക്കാന്‍ രണ്ട് തവണ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് കോടതിയലക്ഷ്യ ഹർജിയിലെ ആക്ഷേപം. പിവി അന്‍വര്‍ എംഎല്‍എ 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ നിന്ന് മത്സരിച്ചപ്പോള്‍ 226.82 എക്കര്‍ഭൂമി കൈവശം വയ്‌ക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍ വ്യക്തമാക്കിയിരുന്നു.
also read:PV Anwar| പിവി അന്‍വര്‍ എംഎല്‍എയുടെ കൈവശമുള്ള അധിക ഭൂമി; 'തിരിച്ച് പിടിക്കണമെന്ന ഉത്തരവ് നടപ്പായില്ല', വിശദീകരണം തേടി ഹൈക്കോടതി
എന്നാല്‍ പിന്നീട് സ്ഥലം രേഖപ്പെടുത്തിയതില്‍ വന്ന ക്ലറിക്കല്‍ പിഴവാണെന്ന് പറഞ്ഞ് അദ്ദേഹം രംഗത്തെത്തി. മലപ്പുറം, കോഴിക്കോട് കലക്‌ടര്‍മാര്‍ 2017ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പിവി അന്‍വറും കുടുംബവും ഭൂപരിഷകരണ നിയമം ലംഘിച്ച് പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വയ്‌ക്കുന്നതായി അറിയിച്ചിരുന്നു.