എറണാകുളം:കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ തെരഞ്ഞെടുപ്പ് ആൾമാറാട്ട കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി. പ്രതികളായ എസ്എഫ്ഐ നേതാവ് വിശാഖ്, മുന്‍ പ്രിന്‍സിപ്പാള്‍ ജി.ജെ ഷൈജു എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. ഇരുവരും ജൂലൈ നാലിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
കേസില്‍ പ്രതികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളതെന്നും സത്യസന്ധതയില്ലാത്തതും വഞ്ചനാപരവുമായ പെരുമാറ്റവും പ്രഥമ ദൃഷ്‌ട്യ വ്യക്തമാണെന്നും കോടതി പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് വിശാഖിന്‍റെ പേര് പ്രിന്‍സിപ്പാള്‍ സര്‍വകലാശാലയ്‌ക്ക് അയച്ചു കൊടുത്തതെന്നും അന്വേഷിക്കേണ്ടതുണ്ട്. അതേസമയം നിരപരാധിയാണെന്ന വിശാഖിന്‍റെ വാദം അംഗീകരിക്കാനാവില്ലെന്നും മാത്രമല്ല സർവകലാശാലയ്ക്ക് പ്രിന്‍സിപ്പാള്‍ അയച്ച രേഖയിൽ വിശാഖ് ഒപ്പിട്ടിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
അതുകൊണ്ട് തന്നെ കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. പ്രിൻസിപ്പാളാണ് ഉത്തരവാദിയെന്നും ആരോഗ്യപരമായ കാരണങ്ങളാൽ വിജയിച്ച സ്ഥാനാർഥി സ്വമേധയ പിന്മാറിയതുകൊണ്ടാണ് തന്‍റെ പേര് പ്രിൻസിപ്പാള്‍ ആ സ്ഥാനത്തേക്ക് ചേർത്തതെന്നുമാണ് വിശാഖിന്‍റെ വാദങ്ങള്‍.
താൻ വ്യാജ രേഖ ചമച്ചിട്ടില്ലെന്നും വിശാഖിന്‍റെ പേര് നീക്കം ചെയ്യാൻ പിന്നീട് സർവകലാശാലയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഷൈജു കോടതിയില്‍ പറഞ്ഞിരുന്നുവെങ്കിലും ഈ വാദങ്ങള്‍ സിംഗിള്‍ ബെഞ്ച് തള്ളി. കോളജിൽ നിന്ന് യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലിലേക്ക് ജയിച്ച എസ്എഫ്ഐ പ്രവർത്തകയായ വിദ്യാർഥിനിയെ ഒഴിവാക്കി എസ്എഫ്ഐ നേതാവായ വിശാഖിനെ ഉൾപ്പെടുത്തിയെന്നാണ് കേസ്.