എറണാകുളം : നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താനാണ് ഉത്തരവ്. എറണാകുളം ജില്ല സെഷന്‍സ് ജഡ്‌ജിക്കാണ് അന്വേഷണ ചുമതല. മെമ്മറിയുടെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന അതിജീവിതയുടെ ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി നടപടി (Actress Attack Case Kochi).
ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. അന്വേഷണത്തില്‍ ആവശ്യമെങ്കില്‍ പൊലീസിന്‍റെയോ മറ്റ് ഏജന്‍സികളുടെയോ സഹായം തേടാമെന്നും ഹൈക്കോടതി പറഞ്ഞു. അന്വേഷണത്തില്‍ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയാൽ ക്രിമിനൽ നടപടി ചട്ടപ്രകാരം സെഷൻസ് ജഡ്‌ജിക്ക് തുടർ നടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. അന്വേഷണത്തിൽ അതൃപ്‌തിയുണ്ടെങ്കിൽ പരാതിക്കാരിക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് കെ. ബാബു വ്യക്തമാക്കി (HC On Actress Attack Case Kochi).
ലൈംഗികത പ്രകടമാക്കുന്ന തെളിവുകൾ സൂക്ഷിക്കുന്നതിലും കോടതി മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ലൈംഗികത പ്രകടമാക്കുന്ന തെളിവുകൾ സീൽ ചെയ്‌ത് സൂക്ഷിക്കണം. ആവശ്യമെങ്കിൽ ഇത്തരം തൊണ്ടി മുതലുകൾ ലോക്കറിലാക്കി സൂക്ഷിക്കണമെന്നും കോടതി പറഞ്ഞു (HC News Updates). ഇത്തരത്തില്‍ ലോക്കറിലാക്കി സൂക്ഷിക്കുന്ന തെളിവുകൾ തിരിച്ചെടുക്കാൻ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണം. തെളിവുകൾ സീൽ ചെയ്‌ത് സൂക്ഷിക്കുന്നതിനൊപ്പം അത് പ്രത്യേകം രജിസ്റ്ററിൽ രേഖപ്പെടുത്തണം. കോടതിയുടെ പക്കലുള്ള തെളിവുകൾ പരിശോധിക്കണമെങ്കിൽ പ്രത്യേക ഉത്തരവിറക്കണമെന്നും കോടതി വ്യക്തമാക്കി.