എറണാകുളം :ജ്യൂസ് കുടിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ 11 വര്‍ഷത്തിന് ശേഷം സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. പുനലൂരിലെ ബേക്കറിയില്‍ നിന്ന് ജ്യൂസ് കുടിച്ചതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന റാണാ പ്രതാപ് സിങ് മരിച്ച സംഭവത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
വിദ്യാർഥിയുടെ കുടുംബം നൽകിയ ഹർജിയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റേതാണ് ഉത്തരവ്. സംഭവത്തില്‍ സിബിഐ അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരണമെന്ന് ഉത്തരവിൽ കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഉടന്‍ സിബിഐക്ക് കൈമാറാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
2011ലായിരുന്നു കേസിനാസ്‌പദമായ സംഭവം. എസ്‌എസ്‌എല്‍സി പരീക്ഷ കഴിഞ്ഞ ശേഷം സുഹൃത്തുക്കള്‍ക്കൊപ്പമാണ് റാണാ പ്രതാപ് സിങ് പുനലൂരിലെ ഇംപീരിയല്‍ ബേക്കറിയില്‍ നിന്ന് ജ്യൂസ് വാങ്ങി കുടിച്ചത്. ജ്യൂസ് കുടിച്ച് അല്‍പ സമയത്തിനകം കുഴഞ്ഞ് വീണ റാണാ പ്രാതാപ് മരിക്കുകയായിരുന്നു. വിഷം അകത്ത് ചെന്നതാണ് മരണകാരണമെന്നായിരുന്നു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
2011ൽ സി ബി.സിഐ.ഡിയും പിന്നീട് എ.ഡി.ജി.പി സന്ധ്യയടക്കമുള്ളവരും കോടതി ഉത്തരവ് പ്രകാരം കേസ് അന്വേഷണം നടത്തിയെങ്കിലും ദുരൂഹത തുടർന്നു. ശാസ്ത്രീയ പരിശോധന റിപ്പോർട്ടിൽ നരഹത്യയാണെന്ന തരത്തില്‍ സൂചനകളുണ്ടായിരുന്നു. എന്നാൽ ADGP തലത്തിലടക്കം നടന്ന അന്വേഷണത്തിൽ ഇത് സ്ഥിരീകരിക്കാതെ പോവുകയായിരുന്നു.