എറണാകുളം: ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസും വിഐപി ദർശനവും എന്ന് പരസ്യം ചെയ്‌ത വിഷയം ചെറുതായി കാണാനാകില്ലെന്ന് ഹൈക്കോടതി. അനുമതി ഇല്ലാതെയാണ് ഹെലി കേരള ഇത്തരത്തിൽ പരസ്യം നൽകിയത്. ശബരിമല എന്ന പേര് ഉപയോഗിക്കാൻ പാടില്ലെന്നും ഹെലി കേരളയോട് കോടതി നിര്‍ദേശിച്ചു.
ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസും വിഐപി ദർശനവും പരസ്യം ചെയ്‌തതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. വിഷയത്തിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ദേവസ്വം ബോർഡും കേന്ദ്രവും സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് ചൊവ്വാഴ്‌ചത്തേക്ക് മാറ്റി. കൊച്ചിയിൽ നിന്നും ഹെലികോപ്റ്റർ മാർഗം നിലയ്‌ക്കലിലേക്കും നിലയ്‌ക്കൽ നിന്നും പമ്പയിലേക്ക് കാർ മാർഗവും അവിടെ നിന്നും ഡോളിയിൽ സന്നിധാനത്തും എത്തിച്ച് വിഐപി ദർശനം ഒരുക്കുമെന്നായിരുന്നു ഹെലി കേരള കമ്പനിയുടെ പരസ്യം.