കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസില്‍ മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പാലം നിർമാണഘട്ടത്തില്‍ ഇബ്രാഹിം കുഞ്ഞിന്‍റെ ചുമതലയിലുള്ള പത്രസ്ഥാപനത്തിന്‍റെ അക്കൗണ്ടിലേക്ക് രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി പത്തുകോടി രൂപ വന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്.
പാലാരിവട്ടം അഴിമതി; ഇബ്രാഹിം കുഞ്ഞിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും - ആർഡിഎസ് പ്രോജക്‌ട് പ്രൈവറ്റ് ലിമിറ്റഡ്
പാലം നിർമാണഘട്ടത്തില്‍ ഇബ്രാഹിം കുഞ്ഞിന്‍റെ ചുമതലയിലുള്ള പത്രസ്ഥാപനത്തിന്‍റെ അക്കൗണ്ടിലേക്ക് രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി പത്തുകോടി രൂപ വന്നത് അന്വേഷിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കേസിൽ 10 ദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി വിജിലൻസ് ഡയറക്‌ടര്‍ക്ക് നിർദേശം നൽകിയിരുന്നു. നേരത്തെ കേസിലെ പണമിടപാട് സംബന്ധിച്ച് വിജിലൻസ് സംഘം അന്വേഷണം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാലം നിർമാണ കമ്പനിയായ ആർഡിഎസ് പ്രോജക്‌ട് പ്രൈവറ്റ് ലിമിറ്റഡ് എംഡിയും കേസിലെ ഒന്നാം പ്രതിയുമായ സുമിത് ഗോയലിന്‍റെ അക്കൗണ്ട് വിവരങ്ങൾ വിജിലൻസ് സംഘം പരിശോധിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇബ്രാഹിം കുഞ്ഞിന്‍റെ പങ്ക് അന്വേഷിക്കാൻ പ്രോസിക്യൂഷൻ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. സർക്കാരിൽ നിന്ന് അനുമതി ലഭിച്ചാൽ ഇക്കാര്യം കൂടി അന്വേഷിക്കാൻ തയ്യാറാണെന്നാണ് വിജിലൻസിന്‍റെ നിലപാട്.
കരാറില്‍ ഇല്ലാത്ത വ്യവസ്ഥപ്രകാരം മൊബിലൈസേഷൻ അഡ്വാൻസ് നിർമാണ കമ്പനിക്ക് നൽകിയതിൽ ഇബ്രാഹിം കുഞ്ഞിന്‍റെ പങ്ക് അന്വേഷിക്കുന്നതിന് അഴിമതി നിരോധനനിയമ പ്രകാരം അധികൃതരുടെ മുൻകൂർ അനുമതി വേണം. ഇതുമായി ബന്ധപ്പെട്ട് അപേക്ഷ നൽകി അനുമതിക്കായി കാത്തിരിക്കുകയാണെന്നാണ് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. പാലാരിവട്ടം പാലത്തിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിൽ ഉൾപ്പെടെ അഴിമതി നടന്നതായി വിജിലൻസ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കരാർ നൽകുമ്പോൾ റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെന്‍റ് കോർപറേഷൻ എംഡി ആയിരുന്ന മുഹമ്മദ് ഹനീഷിനെതിരെയും ആർബിഡിസികെയിലെ ധനകാര്യ വിഭാഗത്തിലുള്ള ഉദ്യോഗസ്ഥർക്കെതിരെയും വിശദമായ അന്വേഷണം നടത്താൻ വിജിലൻസ് ഒരുങ്ങുന്നത്.