എറണാകുളം : മോൻസൺ മാവുങ്കലിനെതിരായ പൊലീസ് അന്വേഷണ പുരോഗതി റിപ്പോർട്ടിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. മോൻസണെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണമല്ല അറിയേണ്ടത്. ഡിജിപിയുടെ സത്യവാങ്മൂലം കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
മോൻസണെതിരായ അന്വേഷണം കാര്യക്ഷമമാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. മോൻസന്‍റെ വീട്ടിൽ സന്ദർശനം നടത്തിയ ഉദ്യോഗസ്ഥർ എന്തുകൊണ്ട് അവിടെ കാണപ്പെട്ട പുരാവസ്തുക്കൾ രജിസ്റ്റർ ചെയ്യപ്പെട്ടതാണോയെന്ന് അന്വേഷിച്ചില്ലന്ന് കോടതി ചോദിച്ചു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണിൽ പൊടിയിട്ട് മോൻസൺ എല്ലാവരെയും കബളിപ്പിച്ചു. ഡിജിപിക്ക് സംശയം തോന്നിയ സന്ദർഭത്തിൽ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്നും കോടതി ആരാഞ്ഞു.
ഐജി ലക്ഷ്മണ നടത്തിയ ഇടപെടലിനെക്കുറിച്ച് സത്യവാങ്മൂലത്തിൽ വ്യക്തതയില്ല. മോൻസണെതിരെ സംശയം തോന്നി അന്വേഷണം നടത്താൻ ഡിജിപി കത്ത് നൽകിയ ശേഷമല്ലേ മോൻസൺ പൊലീസ് സംരക്ഷണം തേടി കത്ത് നൽകിയത്.മോൻസന്‍റെ വീട്ടിൽ പോയ പൊലീസ് ഉദ്യോഗസ്ഥർ പുരാവസ്തു നിയമത്തെ കുറിച്ച് എന്തെങ്കിലും ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.