എറണാകുളം :ശബരിമല മേല്‍ശാന്തി നറുക്കെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഹൈക്കോടതി. മേല്‍ശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയെ തുടര്‍ന്നാണ് നടപടി. കേസില്‍ കോടതിയുടെ നിര്‍ദേശ പ്രകാരമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കിയത് (Sabarimala Melsanthi Draw).
ദൃശ്യങ്ങളുടെ പകര്‍പ്പ് ഹര്‍ജിക്കാരന്‍റെ അഭിഭാഷകന് നല്‍കി. തിരുവനന്തപുരം സ്വദേശി മധുസൂദനനാണ് ഹര്‍ജിക്കാരന്‍. ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് സുതാര്യമായല്ല നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
നറുക്കെടുപ്പിൽ കൃത്രിമത്വം കാണിച്ചെന്നാണ് പരാതിക്കാരന്‍റെ ആക്ഷേപം. മേൽശാന്തിയായി തെരഞ്ഞെടുത്ത ആളുടെ പേരെഴുതിയ പേപ്പർ മാത്രം മടക്കുകയും മറ്റുള്ളവരുടെ പേരെഴുതിയ പേപ്പര്‍ മാത്രം ചുരുട്ടിയുമാണ് കുടത്തില്‍ നിക്ഷേപിച്ചതെന്നും മേൽശാന്തി എന്നെഴുതിയ പേപ്പറും സമാനമായ രീതിയിൽ മടക്കിയിട്ടുവെന്നും ഹര്‍ജിയില്‍ പറയുന്നു (Case About Sabarimala Melsanthi Draw).
മടക്കിയിട്ട പേപ്പര്‍ കുടം കുലുക്കുമ്പോള്‍ സ്വാഭാവികമായും മുകളില്‍ വരും. അതുകൊണ്ട് തന്നെ വേഗത്തില്‍ പ്രസ്‌തുത പേപ്പര്‍ നറുക്കെടുക്കാന്‍ സാധിക്കുമെന്നുമാണ് ഹര്‍ജിക്കാരന്‍റെ വാദം. നറുക്കെടുപ്പിലൂടെ മേല്‍ ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട മഹേഷിന്‍റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും പുതിയയാളെ തെരഞ്ഞെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു (Sabarimala News Updates).