എറണാകുളം:സംസ്ഥാന സര്‍ക്കാറിന്‍റെ നവകേരള സദസില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കുട്ടികളെ കാഴ്‌ച വസ്‌തുക്കളാക്കാന്‍ പാടില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കില്ല എന്ന സർക്കാരിൻ്റെ ഉറപ്പ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഉപഹർജിയിലാണ് കോടതി വിമർശനം (Navakerala Sadas; Hc About Students Participation).
എല്ലാ കുട്ടികളെയും വിഐപികളായി പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി സ്‌കൂളിലെ പ്രധാനാധ്യപകര്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും ചോദിച്ചു. കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള നടപടികൾ അംഗീകരിക്കാൻ കഴിയില്ല. ഉദ്യോഗസ്ഥരുടെ നടപടി കുട്ടികളുടെ അന്തസിനെ താഴ്‌ത്തി കെട്ടുന്നതാണെന്നും കോടതി വിമര്‍ശിച്ചു.