എറണാകുളം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തിൽ കൊച്ചി കോർപറേഷനും ജില്ല കലക്‌ടർക്കും ഹൈക്കോടതി വിമർശനം. പ്ലാന്‍റില്‍ വൈദ്യുതി ബന്ധം സ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാരിന് കർശന നിർദേശം നല്‍കി. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസ് പരിഗണിക്കവെയാണ് വിഷയത്തിൽ ഹൈക്കോടതി കൊച്ചി കോർപറേഷനെയും ജില്ല കലക്‌ടറെയും രൂക്ഷമായി വിമർശിച്ചത്.
ജില്ല കലക്‌ടര്‍ക്ക് വിഷയത്തിൽ നിന്നും ഒഴിഞ്ഞു മാറാനാകില്ല. രണ്ട് ദിവസം കൊണ്ട് തീ അണയ്ക്കുമോയെന്ന് പറഞ്ഞിരുന്നോയെന്നും കോടതിയിൽ നേരിട്ട് ഹാജരായ കലക്‌ടറോട് ഡിവിഷൻ ബെഞ്ച് ചോദിച്ചു. അത്തരം റിപ്പോർട്ടാണ് ഫയർ ഉദ്യോഗസ്ഥർ നൽകിയതെന്നായിരുന്നു കോടതിയുടെ മറുപടി. നഗരത്തിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ നാളെ മുതൽ ശേഖരിക്കുമെന്ന് കോർപറേഷൻ സെക്രട്ടറിയും മറുപടി നൽകി.
മാലിന്യ ശേഖരണത്തിന് ആവശ്യമായ ഹരിത കർമ്മ സേന പ്രവർത്തകരില്ലെന്നും നിലവിൽ പ്ലാന്‍റ് പ്രവർത്തിക്കുന്നത് ജനറേറ്റർ ഉപയോഗിച്ചാണെന്നും കോർപറേഷൻ കോടതിയെ അറിയിച്ചു. തടസങ്ങളില്ലാതെ പ്രത്യേക വൈദ്യുതി ബന്ധം പ്ലാന്‍റില്‍ സ്ഥാപിക്കാനായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് കോടതി ഇടക്കാല ഉത്തരവിലൂടെ നിർദേശിച്ചു.
ഖര മാലിന്യ സംസ്‌കരണത്തിന് കാര്യക്ഷമമായ സംവിധാനം വേണം. ഉറവിടത്തിൽ തന്നെ മാലിന്യം വേർതിരിക്കുവാനുള്ള സംവിധാനം സർക്കാർ ശക്തമാക്കണം. പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശം നൽകി.
നിലവിൽ ബ്രഹ്മപുരത്ത് സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമെന്ന് കോർപറേഷൻ അറിയിച്ചെങ്കിലും ഇന്നലെയും തീപിടിത്തം ഉണ്ടായെന്നും നഗരവാസികളിൽ ആരോഗ്യ പ്രശ്‌നങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നതായും കോടതി ചൂണ്ടിക്കാട്ടി. തീ നിയന്ത്രണ വിധേയമാക്കാനായി ജില്ലയ്‌ക്ക് പുറത്ത് നിന്നും സഹായം തേടിയിരുന്നുവെന്നും പൊതു ജനങ്ങൾക്കായി ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ടെന്നും മറ്റ് നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നായിരുന്നു കലക്‌ടര്‍ കോടതിയിൽ വിശദീകരിച്ചത്.