എറണാകുളം:നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താലിനിടെ പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നഷ്‌ടപരിഹാരം ഈടാക്കാൻ വൈകുന്നതിൽ സർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. പൊതുമുതൽ നശിപ്പിച്ച സംഭവം നിസാരമായി കാണാനാകില്ലെന്നും കേസിൽ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ അലംഭാവം കാട്ടുകയാണെന്നും കോടതി കുറ്റപ്പെടുത്തി. സർക്കാറിന്‍റെ മനോഭാവം അസ്വീകാര്യമാണ്.
ഇത്തരം സംഭവങ്ങള്‍ കോടതി ഉത്തരവുകളോടുള്ള അനാദരവാണെന്നും ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, സി.പി മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. പോപ്പുലർ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ പി.എഫ്.ഐ ഭാരവാഹികളുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്നതിലടക്കം ആറ് മാസം സാവകാശം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടതാണ് കോടതിയെ ചൊടിപ്പിച്ചത്.