എറണാകുളം:മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്‌തു തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കെ.സുധാകരന്‍റെ അറസ്റ്റ് ഇന്ന് വരെ ഹൈക്കോടതി താത്‌കാലികമായി തടഞ്ഞിരുന്നു. സുധാകരനെ അറസ്റ്റ് ചെയ്യുമോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് അത് ചോദ്യം ചെയ്യലിന് ശേഷം സാഹചര്യമനുസരിച്ച് തീരുമാനിക്കുമെന്നായിരുന്നു ഡയറക്‌ടര്‍ ജനറൽ ഓഫ് പ്രോസിക്യൂഷന്‍റെ മറുപടി.
പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ചേദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയതോടെ അറസ്റ്റ് ചെയ്യുമോയെന്ന ആശങ്കയിലാണ് സുധാകരന്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. എന്നാല്‍ ഇന്ന് (ജൂണ്‍ 21) വരെ കോടതി അറസ്റ്റ് തടയുകയായിരുന്നു.
തട്ടിപ്പ് കേസിൽ സുധാകരനെ രണ്ടാം പ്രതിയാക്കി എറണാകുളം എ.സി.ജെ.എം കോടതിയിൽ റിപ്പോർട്ട് നൽകിയ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ട് തവണയാണ് നോട്ടിസ് നല്‍കിയത്. സിആർപിസി 41 A വകുപ്പ് പ്രകാരമാണ് നോട്ടിസ്. മുൻകൂട്ടി നിശ്ചയിച്ച രാഷ്ട്രീയ യോഗങ്ങളും മറ്റുമുണ്ടെന്ന് വ്യക്തമാക്കി മറ്റൊരു ദിവസം അനുവദിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ചിന് കത്ത് നൽകിയതായും മുൻകൂർ ജാമ്യാപേക്ഷയിൽ സുധാകരൻ വ്യക്തമാക്കിയിരുന്നു.
താൻ ആരെയും വഞ്ചിച്ചിട്ടില്ല. വഞ്ചനയ്ക്ക് കൂട്ട് നിന്നിട്ടില്ല. കൂടാതെ എഫ്.ഐ.ആറിലടക്കം തനിക്കെതിരെ ആരോപണങ്ങളില്ലെന്നും കേസ് രജിസ്റ്റർ ചെയ്‌ത് ഒന്നര വർഷത്തിന് ശേഷം നേരിട്ട് ഹാജരാകാനാവശ്യപ്പെടുന്നത് സംശയത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ സുധാകരൻ വാദമുന്നയിച്ചിരുന്നു. നിലവിലുള്ളത് രാഷ്ട്രീയ ആരോപണം മാത്രമാണ്. പൊതു സമൂഹത്തിന് മുമ്പില്‍ തന്നെ കളങ്കപ്പെടുത്താനാണ് ശ്രമമെന്നും ഹർജിയില്‍ സുധാകരന്‍ പറഞ്ഞു.