എറണാകുളം:പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ കെഎസ്‌ആര്‍ടിസി വരുത്തിയ 251 കോടി രൂപയുടെ കുടിശിക ആറ് മാസത്തിനകം അടച്ച് തീര്‍ക്കണമെന്ന് ഹൈക്കോടതി. 2014 മുതലുള്ള കാലയളവിൽ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ആകെ അടക്കേണ്ട 333.36 കോടിയിൽ 81.73 കോടി മാത്രമാണ് കെഎസ്‌ആര്‍ടിസി ഇതുവരെ അടച്ചത്. ജസ്റ്റിസ് സതീഷ് നൈനാനാണ് കുടിശിക തീര്‍ക്കാന്‍ ഉത്തരവിട്ടത്.
പങ്കാളിത്ത പെന്‍ഷന്‍; 251 കോടി രൂപയുടെ കുടിശിക അടച്ച് തീര്‍ക്കണം; കെഎസ്‌ആര്‍ടിസിയോട് ഹൈക്കോടതി
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ കെഎസ്‌ആര്‍ടിസിയുടെ കുടിശിക അടച്ച് തീര്‍ക്കാന്‍ നിര്‍ദേശം. 251 കോടി രൂപയാണ് കെഎസ്‌ആര്‍ടിസി അടയ്‌ക്കാനുള്ളത്. ആറ് മാസത്തിനകമാണ് കുടിശിക തീര്‍ക്കാന്‍ ഉത്തരവ്. സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കെഎസ്‌ആര്‍ടിസി.
വിഷയത്തില്‍ 106 ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കി കൊണ്ടാണ് ഉത്തരവ്. ദേശീയ പെൻഷൻ പദ്ധതിയിലേക്ക് അടക്കേണ്ട തുക വകമാറ്റിയത് അംഗീകരിക്കാനാവില്ലെന്ന് ഉത്തരവിൽ കോടതി വ്യക്തമാക്കി. അതേസമയം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സർക്കാർ സഹായമില്ലാതെ കുടിശിക അടക്കാന്‍ കഴിയില്ലെന്നും കെഎസ്‌ആര്‍ടിസി നേരത്തെ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചിരുന്നു.
അതിനിടെ ശമ്പളം തവണകളായി വിതരണം ചെയ്യാനുള്ള കെഎസ്‌ആര്‍ടിസി മാനേജ്‌മെന്‍റിന്‍റെ പുതിയ നീക്കവും കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. വിഷയത്തില്‍ കോടതി കെഎസ്‌ആര്‍ടിസിയോട് വിശദീകരണം തേടിയിട്ടുണ്ട്.